കൊൽക്കത്ത: രാജ്യം മുഴുവനും ദേശീയപൗരത്വ രജിസ്റ്റർ നടപ്പിലാക്കുമെന്നും കൃത്യമായ പൗരത്വ രേഖകളുള്ളവരെ മാത്രമെ രാജ്യത്തെ പൗരൻമാരായി അംഗീകരിക്കൂവെന്നും കേന്ദ്ര മന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ നടന്ന ബി.ജെ.പി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ രജിസ്റ്ററിനെതിരെ രംഗത്ത് വന്ന തൃണമൂൽ കോൺഗ്രസിനെതിരെ കടുത്ത രീതിയിൽ ഷാ വിമർശിക്കുകയും ചെയ്തു.തൃണമൂൽ കോൺഗ്രസ് എങ്ങനെ എതിർത്താലും ബി.ജെ.പി അത് നടപ്പിലാക്കുമെന്നും അമിത് ഷാ പറഞ്ഞു. ''കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന സമയത്ത് അവർക്ക് വോട്ട് ചെയ്തിരുന്നതിനാൽ അനധികൃത കുടിയേറ്റക്കാർക്കെതിരെയായിരുന്നു മമതാ ബാനർജി. എന്നാൽ ഇപ്പോഴവർ തൃണമൂലിന് വോട്ട് ചെയ്യുന്നതിനാൽ കുടിയേറ്റക്കാരെ സംരക്ഷിക്കാനാണ് മമതയുടെ ശ്രമം. പാർട്ടി താത്പര്യത്തിന് മുൻഗണന നൽകുകയാണ് തൃണമൂൽ ചെയ്യുന്നത്. എന്നാൽ രാജ്യതാത്പര്യങ്ങൾക്ക് മുകളിൽ ഒരു പാർട്ടിയുടെയും താത്പര്യങ്ങൾ കടന്നുവരാൻ ബി.ജെ.പി അനുവദിക്കില്ല"- അമിത് ഷാ പറഞ്ഞു.
എൻ.ആർ.സി നടപ്പിലാകില്ലെന്നാണ് ദീദി പറയുന്നത്. അനധികൃത കുടിയേറ്റക്കാരിൽ ഒരാൾപോലും രാജ്യത്ത് തങ്ങാൻ അനുവദിക്കില്ല എന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുകയാണ്. അഭയാർത്ഥികളായവർക്ക് പുറത്തുപോകേണ്ടി വരില്ല, അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് തങ്ങാൻ അനുവദിക്കുകയുമില്ല, ഇതാണ് ബി.ജെ.പിയുടെ വാഗ്ദാനം- അദ്ദേഹം വ്യക്തമാക്കി. അസാമിൽ നടപ്പിലാക്കിയ പൗരത്വ രജിസ്റ്ററിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. 19 ലക്ഷം ആളുകളാണ് രേഖകൾ ശരിയാക്കാത്തതിനാൽ പൗരത്വ പട്ടികയിൽ നിന്ന് പുറത്തായത്. ബി.ജെ.പിയുടെ വോട്ട് ബാങ്കായ ബംഗാളി ഹിന്ദുക്കൾ പട്ടികയിൽ ഉൾപ്പെടാതെ പോയത് അസാം ബി.ജെ.പി ഘടകത്തിന്റെയും എതിർപ്പിന് കാരണമായിരുന്നു. ഇക്കാര്യങ്ങൾ നിലനിൽക്കെയാണ് രാജ്യമെമ്പാടും പൗരത്വ രജിസ്റ്റർ നടപ്പിലാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്.