വാഷിംഗ്ടൺ: കാലാവസ്ഥാ വ്യതിയാനം പ്രകൃതിയിൽ ഏല്പിക്കുന്ന ആഘാതങ്ങൾക്കാണ് ദൈനംദിനം സാക്ഷിയാകേണ്ടിവരുന്നത്. ആമസോൺ കാടുകളുടെ വൻനാശത്തിന് പിന്നാലെയാണ് അന്റാർട്ടിക്കയിൽനിന്നുള്ള മറ്റൊരു വാർത്തയും പുറത്തുവരുന്നത്. അന്റാർട്ടിക്കയിലെ കൂറ്റൻ മഞ്ഞുമല ഇടിഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്. 610 ചതുരശ്ര മൈൽ (1582 സ്ക്വയർ കി.മീ) വലിപ്പമുള്ള മഞ്ഞുമലയാണ് തകർന്നത്. എന്നാൽ ഇത് സാധാരണമാണെന്നും കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമല്ലെന്നുമാണ് ശാസ്ത്രജ്ഞരുടെ പക്ഷം. അമേരി (Amery) എന്ന പേരുള്ള മഞ്ഞുതിട്ടയിൽ നിന്നാണ് ഡി 28 എന്ന മഞ്ഞുമല അടർന്നു വീണത്. സെപ്തംബർ 24, 25 ദിവസങ്ങളിലായാണ് ഈ പ്രതിഭാസം ഉണ്ടായതെന്നാണ് റിപ്പോർട്ട്. അമേരിക്കയിലെയും യൂറോപ്പിലെയും സാറ്റലൈറ്റുകൾ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ ഇക്കാര്യം കണ്ടെത്തിയത്. 210 മീറ്റർ കനമുള്ള മഞ്ഞുപാളിയിൽ 31500 കോടി ടൺ ഐസുണ്ടെന്ന് അമേരിക്കൻ ശാസ്ത്രജ്ഞ ഹെലൻ അമാൻഡ ഫ്രിക്കർ പറഞ്ഞു. ''ഇത് സാധാരണ ഗതിയിലുള്ള പ്രതിഭാസമാണ്. മഞ്ഞുവീഴ്ചമൂലം വിസ്തീർണം കൂടുന്ന ഇവയ്ക്ക് പൂർവസ്ഥിതി പ്രാപിക്കാനായി ചില ഭാഗങ്ങൾ അടർത്തി മാറ്റാറുണ്ട്. ഇതിന് കാലാവസ്ഥ വ്യതിയാനവുമായി ബന്ധമൊന്നുമില്ല." അമാൻഡ പറഞ്ഞു. അന്റാർട്ടിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ മഞ്ഞുമലയാണ് അമേരി. 50 വർഷംമുമ്പ്, 1964ലായിരുന്നു ഈ മഞ്ഞുമല അവസാനമായി ഇടിഞ്ഞത്.