mobile-phone

കൊച്ചി: താൻ മോഷ്ടിച്ച മൊബൈൽ ഫോൺ വിറ്റ് കാശാക്കാനെത്തിയ ഇതര സംസ്ഥാനകാരനായ യുവാവ് പിടിയിൽ. അസം സ്വദേശിയായ ഇക്രമുൽ ഇസ്ളാമിനെയാണ് മോഷണക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വിൽക്കാനായി കടയിലേക്ക് കൊണ്ടുചെന്ന ഫോണിലെ വാൾപേപ്പർ മൂലമാണ് ഇയാൾ പൊലീസിന്റെ കസ്റ്റഡിയിലായത്. മോഷ്ടിച്ച മൊബൈലിന്റെ യഥാർത്ഥ ഉടമ ഇട്ടിരുന്ന വാൾപേപ്പർ മാറ്റാതെയാണ് ഇയാൾ അത് വിൽക്കാനായി ഹൈക്കോർട്ട് ജംഗ്ഷനടുത്തുള്ള പെന്റാ മേനകയിലെ കടയിലേക്ക് കൊണ്ടുചെന്നത്.

മൊബൈലിന്റെ സ്‌ക്രീനിൽ മലയാളിയുടെ ഫോട്ടോ കണ്ട കടയുടമ ഫോൺ മോഷ്ടിച്ചതാണെന്ന് മനസിലാക്കുകയും അക്കാര്യം ഉടനെ തന്നെ പൊലീസിൽ അറിയിക്കുകയും ആയിരുന്നു. എറണാകുളത്തെ എസ്.ആർ.എം റോഡിലുള്ള സിദ്ര പ്രിസ്റ്റീൻ ഹോട്ടലിന്റെ സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ കയറിയായാണ് സെപ്തംബർ 28ന് ഇയാൾ മൊബൈൽ മോഷ്ടിച്ചത്. മുറിയിൽ താമസിച്ചിരുന്ന എല്ലാവരും തൊട്ടടുത്തുള്ള മെസിലേക്ക് ഭക്ഷണം കഴിക്കാൻ പോയ തക്കം നോക്കിയാണ് ഇക്രമുൽ മൊബൈൽ ഫോൺ കൈക്കലാക്കിയത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തിട്ടുണ്ട്.