കൊച്ചി: പിറവം പള്ളിയുടെ സ്വത്തുവകകളും ചാപ്പലുകളും ആരുടെ കൈവശമാണെന്ന് ഒരാഴ്ചയ്ക്കകം അറിയിക്കാൻ ഹൈക്കോടതി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. പിറവം പള്ളിയിൽ ആരാധന നടത്താൻ സംരക്ഷണം തേടി ഒാർത്തഡോക്‌സ് വിഭാഗം നൽകിയ ഹർജി പരിഗണിക്കവെയാണ് ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം.
കഴിഞ്ഞ ഞായറാഴ്ച ഒാർത്തഡോക്സ് വിഭാഗത്തിന് പള്ളിയിൽ ആരാധന നടത്താൻ സൗകര്യമൊരുക്കിയെന്നും പൊലീസ് സംരക്ഷണം നൽകിയെന്നും സർക്കാർ ഇന്നലെ ഹർജി പരിഗണിക്കുമ്പോൾ അറിയിച്ചു. ഇതേപോലെ ഞായറാഴ്ചകളിൽ ഒാർത്തഡോക്സ് വിഭാഗത്തിന് കുർബാന നടത്താമെന്നും എല്ലാ ഇടവകാംഗങ്ങൾക്കും കുർബാനയിൽ പങ്കെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇവർക്ക് പള്ളിയിലും ചാപ്പലുകളിലും പ്രവേശിക്കാൻ കഴിയും. പള്ളിയിലും പരിസരത്തും സെപ്തംബർ 27 ലെ സ്ഥിതി തുടരണമെന്നും ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
എന്നാൽ പിറവം പള്ളിയുമായി ബന്ധപ്പെട്ട 11 ചാപ്പലുകളുടെ നിയന്ത്രണം ഇപ്പോഴും യാക്കോബായ വിഭാഗത്തിനാണെന്ന് ഒാർത്തഡോക്സ് വിഭാഗവും ഇൗ ചാപ്പലുകളിലെ 25 ജീവനക്കാർക്ക് പ്രതിഫലം ഉൾപ്പെടെ നൽകുന്നത് തങ്ങളാണെന്ന് യാക്കോബായ വിഭാഗവും വ്യക്തമാക്കി. എന്നാൽ സുപ്രീംകോടതിയുടെ വിധി പള്ളി വക സ്വത്തുക്കൾക്കും ചാപ്പലിനും ബാധകമാണെന്ന് ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി. പള്ളിയുടെ ഭരണം മാത്രമല്ല, സ്വത്തുക്കളുടെ കൈകാര്യവും ഒാർത്തഡോക്സ് വിഭാഗത്തിനാണ്. ഇതു നടപ്പാക്കുമ്പോൾ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ പൊലീസാണ് അതു നേോക്കേണ്ടതെന്നു ഹൈക്കോടതി വ്യക്തമാക്കി. തുടർന്നാണ് പള്ളി വക സ്വത്തുക്കളും ചാപ്പലുകളും സർക്കാർ ഏറ്റെടുത്തതിലൂടെ കളക്ടറുടെ കൈവശമാണോയെന്ന് ഹൈക്കോടതി ആരാഞ്ഞത്.
മിക്കി മൗസ് കളിക്ക് കൂട്ടുനിൽക്കാനാവില്ല
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പിറവം പള്ളിത്തർക്കം പരിഹരിക്കാൻ കൂടുതൽ പൊലീസിനെ വിന്യസിപ്പിക്കുന്നത് പ്രായോഗികമല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. തർക്കത്തിന് പരിഹാരം കാണേണ്ടതുണ്ടെങ്കിലും ഇരു വിഭാഗത്തിന്റെയും മിക്കി മൗസ് കളിക്ക് കൂട്ടുനിൽക്കാനാവില്ല. ഇരുകൂട്ടരും സ്വയം പരിഹാരം കണ്ടെത്തണമെന്നും സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി വാദിച്ചു.