ചെന്നൈ: അണ്ണാ യൂണിവേഴ്സിറ്റിയിലെ എൻജിനീയറിങ്ങ് പാഠ്യപദ്ധതിയിൽ മതഗ്രന്ഥമായ ഭഗവത് ഗീത ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി ഡി.എം.കെയുടെ വിദ്യാർത്ഥി വിഭാഗം രംഗത്ത്. സംസ്‌കൃത അണ്ണാ യൂണിവേഴ്സിറ്റിയിലും മറ്റ് സർവകലാശാലകളിലും നിർബന്ധപൂർവം അടിച്ചേൽപ്പിക്കുന്നതിനെതിരെയായിരുന്നു ഡി.എം.കെ സ്റ്റുഡന്റസ് വിംഗിന്റെ പ്രതിഷേധം. എൻജിനീയറിങ്ങ് വിദ്യാർത്ഥികൾക്കായി അണ്ണാ യൂണിവേഴ്സിറ്റി ഉൾപ്പെടുത്തിയ ഒരു പേപ്പറിന്റെ വിഷയം ഭഗവദ് ഗീതയായിരുന്നു.
'വിദ്യാർത്ഥികൾക്ക് മേൽ നിർബന്ധിതമായി ഭഗവദ് ഗീത അടിച്ചേൽപ്പിക്കുന്നതിനെ ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിൻ ശക്തമായി അപലപിച്ചിട്ടുണ്ട്. ഭാഷാവിഷയം തുടർച്ചയായി കേന്ദ്ര സർക്കാർ ഞങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുകയാണ്. ഞങ്ങൾ അതിനെ എതിർക്കുന്നു. ഓരോ സംസ്ഥാനവും സ്വന്തം മാതൃഭാഷയ്ക്ക് വേണ്ടി ശബ്ദമുയർത്തണം. ഭഗവത്‍ ഗീത സിലബസിൽ നിന്നും സർവകലാശാല നീക്കം ചെയ്യുന്നത് വരെ ഞങ്ങൾ പ്രതിഷേധം തുടരും. ഒരു എൻജിനീയറിങ്ങ് വിദ്യാർത്ഥിക്ക് ഭഗവദ് ഗീത ആവശ്യമില്ല' ഡി.എം.കെയുടെ വിദ്യാർത്ഥി വിഭാഗം സെക്രട്ടറി എഴിലരസൻ പറഞ്ഞു.
അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന സ്‌കൂൾ വിദ്യാർത്ഥികൾ പൊതു പരീക്ഷ എഴുതണമെന്ന് പറയുന്ന 'പുതിയ വിദ്യാഭ്യാസ നയ'വും നീക്കം ചെയ്യണമെന്ന് പ്രതിഷേധകർ ആവശ്യപ്പെട്ടു. തമിഴ്നാട് പബ്ലിക് സർവീസ് കമ്മീഷന്റെ രണ്ടാം വിഭാഗം ചോദ്യപേപ്പർ തമിഴ് ഭാഷയിലാക്കണമെന്നും ഇവർ ആവശ്യമുയർത്തി.