aditya-thackeray

മുംബയ്: ചരിത്രത്തിലാദ്യമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് താക്കറെ കുടുംബം. ശിവസേന തലവൻ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയെയാണ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവസേന രംഗത്തിറക്കുന്നത്. ബി.ജെ.പി-ശിവസേന സഖ്യം സീറ്റ് ചർച്ച പുരോഗമിക്കുന്നതിനിടെയാണ് 29കാരനായ ആദിത്യ താക്കറെയുടെ സ്ഥാനാർത്ഥിത്വം തിങ്കളാഴ്ച വൈകിട്ട് പ്രഖ്യാപിച്ചത്. വേർളി നിയമസഭാ മണ്ഡലത്തിൽ നിന്നാകും ആദിത്യ മത്സരിക്കുക. സിറ്റിംഗ് എം.എൽ.എമാർക്കും സീറ്റ് നൽകാൻ ശിവസേന തീരുമാനിച്ചിട്ടുണ്ട്. ആദിത്യ താക്കറെയുടെ സ്ഥാർത്ഥി പ്രഖ്യാപനത്തോടെയാണ് ശിവസേനയുടെ തിരഞ്ഞെടുപ്പ് തുടക്കം. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്നെങ്കിലും താക്കറെ കുടുംബത്തിൽ നിന്ന് ആരും ഇതുവരെ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടായിരുന്നില്ല.

അതേസമയം, തുറുപ്പ് ചീട്ടായ ആദിത്യയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നാണ് ശിവസേന വിശേഷിപ്പിക്കുന്നത്. ബി.ജെ.പിയുമായി സഖ്യത്തിലുള്ള ശിവസേന, മുഖ്യമന്ത്രി പദവി വീതംവയ്ക്കണമെന്ന് ആവശ്യപ്പെടാറുണ്ടെങ്കിലും ഇതുവരെ ബി.ജെ.പി വഴങ്ങിയിട്ടില്ല. ആദിത്യയെ രംഗത്തിറക്കുന്നതിലൂടെ ബി.ജെ.പിക്ക് ശക്തമായ മുന്നറിയിപ്പാണ് ശിവസേന നൽകുന്നത്. തിരഞ്ഞെടുപ്പിൽ ശിവസേന മികച്ച പ്രകടനം കാഴ്ചവച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തിന് അരയും തലയും മുറുക്കി രംഗത്തുണ്ടാകുമെന്നാണ് ആദിത്യയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ നൽകുന്ന മുന്നറിയിപ്പ്. ഈ മാസം 21നാണ് മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ്.