ന്യൂഡൽഹി: കാശ്മീർ വിഷയത്തിൽ ഇന്ത്യക്കെതരിരെ പ്രസ്താവനയുമായി എത്തുന്ന പാകിസ്ഥാനെതിരെ പരിഹാസവുമായി മുൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ. പാകിസ്ഥാനിൽ പര്യടനത്തിനെത്തിയ ശ്രീലങ്കൻ ടീമിന് ഒരുക്കിയ സുരക്ഷയെ കുറിച്ചുള്ള വീഡിയോ പങ്കുവെച്ചാണ് ഗംഭീർ പ്രതികരിച്ചത്. 2009 ൽ ശ്രീലങ്കൻ ടീമിനെതിരേ പാകിസ്താനിൽ വച്ച് തീവ്രവാദി ആക്രമണം നടന്നിരുന്നു. ഇതിനെ തുടർന്ന് ക്രിക്കറ്റ് ടീമുകൾ പാകിസ്ഥാനിൽ പര്യടനത്തിന് എത്താറില്ലായിരുന്നു.
ഇതിന് പകരമായി യു.എ.ഇയിലാണ് പാകിസ്ഥാന്റെ ഹോം മത്സരങ്ങൾ നടക്കാറുള്ളത്. വർഷങ്ങൾക്കു ശേഷമാണ് ഇപ്പോൾ ഒരു ടീം പര്യടനത്തിനായി പാകിസ്ഥാനിലെത്തിയിരിക്കുകയാണ്. ഇതിന്റെ വീഡിയോ ആണ് ഗംഭീർ ട്വിറ്ററിൽ പങ്കുവച്ചത്. പ്രസിഡന്റുമാർക്ക് നൽകുന്ന സെഡ് കാറ്റഗറി സുരക്ഷയാണ് പാകിസ്ഥാനിൽ ക്രിക്കറ്റ് പരമ്പരയ്ക്ക് എത്തിയ ശ്രീലങ്കൻ ടീമിന് ഒരുക്കിയിരിക്കുന്നത്. ഇതിനെ കളിയാക്കിയാണ് ഗംഭീർ ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്. കശ്മീരിനെ കുറിച്ച് ഇത്രയും ബഹളമുണ്ടാക്കുന്നവർ കറാച്ചിയെ മറന്നുപോയോ എന്നായിരുന്നു ഗംഭീറിന്റെ പരിഹാസം. സുരക്ഷാ വാഹനത്തിന് ഇടയിലൂടെ ടീമിന്റെ വാഹനം കടന്നു പോകുന്നതാണ് വീഡിയോയിലുള്ളത്.
Itna Kashmir kiya ke Karachi bhool gaye 👏👏😀 pic.twitter.com/TRqqe0s7qd
— Gautam Gambhir (@GautamGambhir) September 30, 2019