തായ്‌പേ: തായ്‌വാനിൽ 460 അടി നീളമുള്ള പാലം നിമിഷനേരം കൊണ്ട് തകർന്നുവീണു. വാഹനങ്ങൾ കടന്നുപോകുമ്പോഴാണ് പാലം പൂർണമായും തകർന്ന് പുഴയിൽ വീഴുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആറ് പേരെ കാണാതായിട്ടുണ്ടെന്നും ഇവർ അപകടത്തിൽപ്പെട്ടിരിക്കാമെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ചൊവ്വാഴ്ച രാവിലെ തായ്‌വാനിലെ നാൻഫാങ്കോയിലാണ് അപകടമുണ്ടായത്. തകർന്നുവീണ പാലം ഒരു മത്സ്യബന്ധന ബോട്ടിന് മുകളിലാണ് പതിച്ചത്. പാലത്തിലൂടെ പോകുകയായിരുന്ന വാഹനം തകർന്ന് താഴെ വീഴുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണുന്നുണ്ട്. അപകടത്തിൽ 12 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ ആറ് പേര്‍ ഫിലിപ്പീൻ സ്വദേശികളും മൂന്ന് പേർ ഇന്തോനേഷ്യയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുമാണ്. ബാക്കിയുള്ള മൂന്ന് പേര്‍ തായ്വാന്‍ സ്വദേശികളാണ്. ബാക്കി കാണാതായവരെ കുറിച്ച് തിരച്ചിൽ തുടരുകയാണ്.