കോഴിക്കോട്: സൗത്ത് ബീച്ചിലെ പഴയ കടൽപ്പാലം തകർന്ന് വീണ് 13 പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഏഴര കഴിഞ്ഞതോടെയായിരുന്നു സംഭവം. പാലത്തിന്റെ ഒരു ഭാഗത്തെ സ്ലാബ് പൊട്ടിവീഴുകയായിരുന്നു. ലൈഫ് ഗാർഡുകളുടെ വിലക്ക് ലംഘിച്ച് കടൽപാലത്തിന് മുകളിൽ കയറിയവരാണ് അപകടത്തിൽപെട്ടത്.
പരിക്കേറ്റ സുമേഷ് (29), എൽദോ (23), റിയാസ് (25), അനസ് (25), ശിൽപ (24), ജിബീഷ് (29), അഷർ (24), സ്വരാജ് (22), ഫാസിൽ (21), റംഷാദ് (27), ഫാസിൽ (24), അബ്ദുൾ അലി (35), ഇജാസ് (21) എന്നിവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരിൽ ശില്പയ്ക്ക് തലയ്ക്ക് മുറിവുണ്ട്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.
ബീച്ച് ഫയർ സ്റ്റേഷനിൽ നിന്നുള്ള യൂണിറ്റിന്റെയും ടൗൺ പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ബീച്ചിലേക്ക് ജെ.സി.ബി എത്തിക്കാൻ സാധിക്കാത്തതിനാൽ കട്ടർ ഉപയോഗിച്ച് സ്ലാബുകൾ മുറിച്ചുനീക്കുകയായിരുന്നു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കളക്ടർ എസ്.സാംബശിവ റാവു എന്നിവർ സ്ഥലത്തെത്തിയിരുന്നു.