രാജ്യത്തിന്റെ കൊടിയടയാളവും ദേശീയ ഗാനത്തിന്റെ പിന്തുണയുമില്ലാതെ നിഷ്പക്ഷയായി മത്സരിക്കാനിറങ്ങിയെങ്കിും മരിയ ലസിത്‌സ്കെനെയുടെ പോരാട്ടവീര്യത്തെ തകർക്കാൻ അതിനൊന്നുമായില്ല. തുടർച്ചയായ മൂന്നാം തവണയും ലോക അത്‌ലറ്രിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ഹൈജമ്പിലെ സ്വർണം മരിയ തന്നെ കഴുത്തിലണിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന വനിത ഹൈജമ്പ് ഫൈനലിൽ ന്യൂട്രൽ അത്‌ലറ്രായി മത്സരിച്ചാണ് റഷ്യക്കാരിയായ മരിയയുടെ സ്വർണ നേട്ടം. 2.04 മീറ്രർ ഉയരം ക്ലിയർെ ചെയ്താണ് ദോഹയിൽ മരിയ ചാമ്പ്യനായത്. വെള്ളി നേടിയ ഉക്രൈന്റെ യാരോസ്ലോവ മഹുചിക്ക് 204 മീറ്രർ ക്ലിയർ ചെയ്തെങ്കിലും കുറഞ്ഞ ശ്രമത്തിൽ ക്ലിയർ ചെയ്തതിനാലാണ് മരിയക്ക് സ്വർണം കിട്ടിയത്.യു.എസിന്റ വസ്തി കുന്നിംഗ്ഹാം (2 മീറ്രർ) വെങ്കലം നേടി. 2015ലും 2017ലും മരിയ ഹൈജമ്പിൽ സ്വർണം നേടിയിരുന്നു.
ഉത്തേജക പരിശോധനയിൽ കൃത്രിമം കാട്ടിയെന്ന് അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജൻസി കണ്ടെത്തിയതിനെ തുടർന്ന് റഷ്യയെ അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷൻ വിലക്കിയിരിക്കുകയാണ്. അതിനാൽ റഷ്യൻ താരങ്ങൾ ന്യൂട്രൽ അത്ലറ്റായാണ് അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ദോഹയിൽ 30 റഷ്യൻ താരങ്ങളാണ് നിഷ്പക്ഷ അത്‌ലറ്രുകളായി മത്സരിക്കാനിറങ്ങുന്നത്. അവർക്ക് ദേശീയ പതാകയോ ദേശീയ ചിഹ്നങ്ങളോ ജേഴ്സിയിൽ പോലും പതിപ്പിക്കാനാകില്ല. അംഗീകൃത ന്യൂട്രൽ അത്ലറ്റ് എന്ന ലോഗോ പതിച്ച ജേഴ്സിയാണ് ധരിക്കാനാവുക. വനിതാ പോൾ വോൾട്ടിൽ കഴിഞ്ഞ ദിവസം ന്യൂട്രൽ അത്‌ലറ്രായി മത്സരിച്ച റഷ്യൻ താരം അൻഷെലിക്ക സിദറോവയും സ്വർണ നേടിയിരുന്നു.