തിരുവനന്തപുരം: വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകുമെന്ന് മാദ്ധ്യമങ്ങളോട് ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ പറഞ്ഞത് ശരിയായില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി. ശ്രീധരൻപിള്ള. സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് സംബന്ധിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം ചേർന്ന് തീരുമാനമെടുക്കുന്നതിനു മുന്നേ കുമ്മനത്തിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് ശരിയായില്ലെന്നാണ് ശ്രീധരൻ പിള്ള പറഞ്ഞത്.
ഒ. രാജഗോപാലിനെ വേദിയിലിരുത്തിയാണ് പ്രസംഗത്തിനിടെ ശ്രീധരൻപിള്ള ഇക്കാര്യം പറഞ്ഞത്. എന്നാൽ അദ്ദേഹത്തിന്റെ പേര്, ശ്രീധരൻപിള്ള എടുത്ത് പറഞ്ഞില്ല.വട്ടിയൂർക്കാവിൽ ബി.ജെ.പി മത്സരിക്കുമെന്നും കുമ്മനം രാജശേഖരനാണ് സ്ഥാനാർത്ഥിയെന്നുമായിരുന്നു രാജഗോപാൽ ഏതാനും ദിവസം മുൻപ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാൽ അദ്ദേഹം ഈ വിവരം അറിയിച്ച് അടുത്ത ദിവസം മണ്ഡലത്തിൽ കുമ്മനത്തിന് പകരം ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൂടിയായ എസ്.സുരേഷിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.