തിരുവനന്തപുരം: അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇത് കേരളത്തിലും നടപ്പിലാക്കണമെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ. കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന നുഴഞ്ഞ് കയറിയിട്ടുള്ള ബംഗ്ലാദേശികളെ തിരഞ്ഞുപിടിച്ചു പുറത്താക്കണം. ലക്ഷക്കണക്കിന് ബംഗ്ലാദേശികൾ കേരളത്തിൽ വന്ന് തമ്പടിക്കുകയാണ്. സർക്കാരിന്റെ കയ്യിൽ ഒരു കണക്കുമില്ല. ആയിരക്കണക്കിന് കോടി രൂപ ഇവർ കേരളത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നുവെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കൊൽക്കത്തയിൽ പറഞ്ഞിട്ടുണ്ട്. കൊൽക്കത്തയിലും ആസാമിലും മാത്രം പോരാ, കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന നുഴഞ്ഞ് കയറിയിട്ടുള്ള ബംഗ്ലാദേശികളെ തിരഞ്ഞു പിടിച്ചു പുറത്താക്കണം.
ബംഗ്ലാദേശി തീവ്രവാദികളെ അടുത്തിടെ പിടികൂടിയത് മലപ്പുറത്തുനിന്നും ആണ്. ഇവിടെ നുഴഞ്ഞുകയറിയ ബംഗ്ലാദേശികളിൽ കവർച്ചക്കാരും തീവ്രവാദികളും ഉണ്ട്. ലക്ഷക്കണക്കിന് ബംഗ്ലാദേശികൾ കേരളത്തിൽ വന്ന് തമ്പടിക്കുകയാണ്. സർക്കാരിൻറെ കയ്യിൽ ഒരു കണക്കുമില്ല. ആയിരക്കണക്കിന് കോടി രൂപ ഇവർ കേരളത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നു. തൊഴിൽ മേഖല പൂർണ്ണമായും നശിപ്പിക്കുന്നു.
അപകടകരമായ നിലയിലേക്ക് കേരളത്തിലെ ബംഗ്ലാദേശികളുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്. ഇതിനൊരു അറുതി വരേണ്ടതുണ്ട്. രാഷ്ട്രീയ താല്പര്യങ്ങൾക്ക് അപ്പുറം കേരളത്തിൻറെ പൊതുനന്മയെ കണക്കാക്കി, രാജ്യ താൽപര്യം മുൻനിർത്തി നുഴഞ്ഞുകയറിയ ബംഗ്ലാദേശികളെ പുറത്താക്കാനുള്ള കേന്ദ്ര സർക്കാർ നയം കേരളത്തിലും നടപ്പാക്കണം .