sabarimala

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവിധിക്ക് ശേഷം തനിക്ക് നിരവധി ഭീഷണികൾ നേരിടേണ്ട് വന്നെന്ന് ജസ്റ്റിസ് ഡി.വെെ ചന്ദ്രചൂട് വ്യക്തമാക്കി. സോഷ്യൽമീഡിയ വഴിയായിരുന്നു ഭീഷണികളെന്നും, ഭീഷണികളിൽ ഏറെയും ഭയപ്പെടുത്തുന്നതായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. തന്റെ സഹപ്രവർത്തകരും ബന്ധുക്കളും സോഷ്യൽ മീഡിയയിൽ നിന്ന് കുറച്ച് ദിവസം മാറി നിൽക്കാൻ തന്നോട് ആവശ്യപ്പെട്ടെന്നും ഡി.വെെ ചന്ദ്രചൂഡ് പറഞ്ഞു. മുംബയിലെ ഒരു ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വിധിന്യായത്തിൽ താൻ ഉറച്ചുനിൽക്കുന്നെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ മാറ്റി നിറുത്തിയുള്ള ആരാധനക്രമം തൊട്ടുകൂടായ്‌മക്ക് സമമാണെന്നും ആരാധന സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയോടുള്ള പരിഹാസമാണെന്നും ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു. എന്നാൽ, വ്യക്തിപരമായ നിലപാടുകൾക്ക് അപ്പുറം ജഡ്ജിമാർ എല്ലാ അഭിപ്രായങ്ങളും കണക്കിൽ എടുത്ത് വേണം നിലപാട് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

2018 സെപ്തംബർ 28നാണ് ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാബെഞ്ച് സുപ്രധാനവിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര, ജസ്റ്റിസുമാരായ രോഹിൻടൺ നരിമാൻ, എ.എം ഖാൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഡ് എന്നിവർ യുവതീപ്രവേശനം വേണമെന്ന് പറഞ്ഞപ്പോൾ ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമാണ് യുവതീപ്രവേശനം കോടതിയല്ല തീരുമാനിക്കേണ്ടതെന്ന് വിധിയെഴുതിയത്.