വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ രോഹിത് ശർമയ്ക്ക് സെഞ്ച്വറി. 154ാം പന്തിലാണ് രോഹിത് സെഞ്ച്വറി തികച്ചത്. രോഹിത്തിന്റെ ടെസ്റ്റ് കരിയറിലെ നാലാം സെഞ്ച്വറിയാണിത്. 58 ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 202 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ടെസ്റ്റിൽ ഓപ്പണറായി എത്തിയ രോഹിത്തും സഹ ഓപ്പണർ മായങ്ക് അഗർവാളും മികച്ചുനിന്നതോടെ ഇന്ത്യയുടെ തുടക്കം മികവുറ്റതാക്കി. രോഹിത് ശർമ 115 റൺസോടെയും അഗർവാൾ 84 റൺസോടെയും ക്രീസിലുണ്ട്.
84 പന്തിൽ അഞ്ചു ഫോറും രണ്ടു സിക്സും സഹിതമായിരുന്നു രോഹിത്ത് ടെസ്റ്റിൽ അർദ്ധസെഞ്ച്വറി പിന്നിട്ടത്. ഇതുവരെ 91 പന്തുകൾ നേരിട്ട മായങ്ക് 11ഫോറും 2 സിക്സും നേടി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 115 പന്തിലാണ് ഇന്ത്യ 50 കടന്നത്. മത്സരത്തിന് ഇപ്പോഴും മഴ ഭീഷണിയുണ്ട്.
ഋഷഭ് പന്തിന് പകരം വൃദ്ധിമാൻ സാഹ ടീമിൽ ഇടം കണ്ടെത്തിയപ്പോൾ ആർ.അശ്വിനും തിരിച്ചെത്തിയിട്ടുണ്ട്. ജഡേജയ്‌ക്കൊപ്പം അശ്വിനാകും ഇന്ത്യയുടെ സ്പിൻ ആക്രമണം നയിക്കുക. പാർട് ടൈം ബൗളറായി ഹനുമ വിഹാരിയും സഹായത്തിനെത്തും. ഇശാന്ത് ശർമയും മുഹമ്മദ് ഷമിയുമാണ് പേസർമാർ, ചേതേശ്വർ പൂജാര, വിരാട് കൊഹ്‌ലി, അജങ്ക്യ രഹാനെ എന്നിവരാണ് ടീമിലെ പ്രധാന ബാറ്റ്‌സ്മാന്മാർ.