മുംബയ്: സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് കരകയറാൻ പ്രമുഖ വ്യവസായി അനിൽ അംബാനി രണ്ട് കമ്പനികൾ അടച്ചുപൂട്ടാനൊരുങ്ങുന്നു. വായ്പ നൽകുന്ന ബിസിനസിൽ നിന്നാണ് അദ്ദേഹം പിൻവാങ്ങുന്നത്. പതിനൊന്ന് വർഷം മുമ്പ് ലോകത്തെ അതിസമ്പന്നരിൽ ആറാമനായിരുന്ന അനിൽ അംബാനി ഇക്കൊല്ലം ബില്യനയർ ക്ളബിൽ നിന്ന് തന്നെ പുറത്ത് പോയിരുന്നു.ഇതിനു പിന്നാലെയാണ് ഇപ്പോൾ അംബാനി ഗ്രൂപ്പിന് കീഴിലെ റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ്, റിലയൻസ് ഹോം ഫിനാൻസ് എന്നീ കമ്പനികളുടെ വായ്പ സേവനങ്ങൾ പൂർണമായും അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്.
മുംബയിൽ നടന്ന വാർഷിക യോഗത്തിൽ അനിൽ അംബാനി തന്നെയാണ് ഇക്കാര്യം ഓഹരി ഉടമകളെ അറിയിച്ചത്. വരുന്ന ഡിസംബറിനുള്ളിൽ ഇതുവരെയുള്ള വായ്പകൾ തീർപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ മൊത്തം കടത്തിൽ നിന്ന് 25,000കോടി രൂപയുടെ കുറവുണ്ടാകും. 2020 മാർച്ചോടെ 15,000കോടി രൂപ തിരിച്ചടയ്ക്കുമെന്നും അനിൽ അംബാനി കൂട്ടിച്ചേർത്തു.
2008ൽ 4200 കോടി ഡോളറായിരുന്നു അനിലിന്റെ സമ്പത്ത്. ഇത് 2019 ജൂണിൽ 523 ദശലക്ഷം ഡോളറായി (3,651കോടി രൂപ)കുറഞ്ഞിരുന്നു. സാമ്പത്തിക കുടിശികകളുടെ പേരിൽ ജയിൽ ശിക്ഷയുണ്ടാകുമെന്ന ഘട്ടത്തിൽ നേരത്തെ ജ്യേഷ്ഠൻ മുകേഷ് അംബാനി രക്ഷക്കെത്തിയിരുന്നു. 2018 മാർച്ചിൽ റിലയൻസ് ഗ്രൂപ്പ് കമ്പനികളുടെ മൊത്തം കടം 1.7 ലക്ഷം കോടിയായിരുന്നു. ഇത് വീട്ടുന്നതിനായി വൻതോതിൽ ആസ്തികൾ വിറ്റഴിച്ചതാണ് മൊത്തം സമ്പത്തിൽ ഇടിവുണ്ടായിക്കിയത്. കഴിഞ്ഞ മാസമാണ് അനിൽ അംബാനിയുടെ ഉടമസ്ഥതയിലുളള ബിസിനസ് ടെലിവിഷൻ ചാനൽ അടച്ച് പൂട്ടിയത്. യാതൊരു അറിയിപ്പും കൂടാതെ ആയിരുന്നു ബി.ടി.വി.ഐ പ്രവർത്തനം അവസാനിപ്പിച്ചത്.