ഹൈദരാബാദ്: നഴ്‌സറി സ്‌കൂളിൽ ഉയർന്ന മാർക്ക് നേടിയ കുഞ്ഞുങ്ങളുടെ ഫോട്ടോ വച്ച് ഫ്ളക്സ് അടിച്ചതിനു വൻ വിമർശനം നേരിടുകയാണ് ഹൈദരാബാദിലെ ഒരു സ്‌കൂൾ. മൂന്ന് വയസ് മാത്രം പ്രായമുള്ള 44 കുട്ടികളുടെ ഫോട്ടോകളാണ് ഹൈദരാബാദിലെ കോതാപേട്ടിലുള്ള 'പ്രിയ ഭാരതി' എന്ന് പേരുള്ള ഒരു സ്‌കൂൾ തങ്ങളുടെ 'ടോപ്പേഴ്‌സ്' എന്ന പേരിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. 10, 9.8, 9.7 എന്നിങ്ങനെ കുട്ടികളുടെ മാർക്കുകളും ഫോട്ടോകളുടെ അടുത്തായി നൽകിയിട്ടുണ്ട്. 'ഗരപതി എഡ്യൂക്കേഷണൽ സൊസൈറ്റി'യുടെ കീഴിലുള്ളതാണ് സ്‌കൂൾ. സ്‌കൂളിന് തെലങ്കാന സർക്കാരിന്റെ അംഗീകാരമുണ്ടെന്നും ബോർഡിൽ കാണാം.
ഫ്ളക്സിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേർ സ്‌കൂളിനെതിരെ വിമർശനവുമായി രംഗത്തെത്തി. കൊച്ചു കുട്ടികൾക്കിടയിൽ ഇത്തരത്തിൽ മത്സര പ്രവണത വളർത്തുന്നത് ഒട്ടും ശരിയല്ലെന്നാണ് സ്‌കൂളിനെതിരെയുള്ള ഇവരുടെ പ്രധാന വിമർശനം. 'പാല് വേഗത്തിൽ കുടിച്ചതിനാണോ കുട്ടികളുടെ ടോപ്പേഴ്‌സ് ലിസ്റ്റ് പ്രദർശിപ്പിച്ചിരിക്കുന്നത്' എന്നാണു ഒരു സോഷ്യൽ മീഡിയ യൂസർ പരിഹസിച്ചത്. 'ഇത് കഷ്ടമാണ്, അവർ അവരുടെ ശൈശവം ആസ്വദിക്കട്ടെ. സ്‌കൂളുകളെ നിയന്ത്രിക്കാനുള്ള സംവിധാനം വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.' മറ്റൊരാളും അഭിപ്രായപ്പെട്ടു. സ്‌കൂൾ 'അടച്ചുപൂട്ടണമെന്നാ'ണ് വേറൊരാൾ പറഞ്ഞത്. കൊച്ചു കുട്ടികൾക്കിടയിൽ മത്സരം വളർത്തുന്നത് അവരുടെ മാനസിക വളർച്ചയെ ദോഷകരമായി ബാധിക്കും എന്നാണു വിദഗ്ദ്ധരായ അദ്ധ്യാപകരും മനഃശാസ്ത്രഞ്ജരും അഭിപ്രായപ്പെടുന്നത്.