തിരുവനന്തപുരം: ഗാന്ധി ഘാതകർ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നുവെന്നും ഈ സാഹചര്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷങ്ങൾക്ക് പ്രസക്തി വർധിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ വിമർശനം.
ഇന്ന് ഗാന്ധിയിൽ നിന്നും പിറകോട്ട് നടത്താനാണ് ചിലർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു. രാഷ്ട്രപിതാവായ ഗാന്ധിജിയേയും ആശയങ്ങളേയും നിലനിർത്തുമെന്ന പ്രതിജ്ഞയാണ് ഈ ദിനത്തിൽ ഓരോ ഇന്ത്യക്കാരനും ഉറക്കെ ചൊല്ലേണ്ടതെന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മവാർഷികമാണിന്ന്. സ്വന്തം ജീവിതം തന്നെ ലോകത്തിനുള്ള സന്ദേശമാക്കിയ നേതാവ്. ഗാന്ധിജി ഉയർത്തിപ്പിടിച്ച മ്യൂല്യങ്ങൾ നൂറ്റാണ്ട് പിന്നിടുമ്പോഴും ഒളിമങ്ങാതെ തിളങ്ങി നിൽക്കുന്നു. എല്ലാ വിഭാഗം ജനങ്ങളേയും ഒന്നായി കാണാനുള്ള വിശാലമായ കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ചായിരുന്നു ഗാന്ധിജിയുടെ ഓരോ ചുവടുവെപ്പും. എന്നാൽ രാജ്യത്തെ ഇന്ന് ഗാന്ധിയിൽ നിന്നും പുറകോട്ട് നടത്താനാണ് ചിലർ ശ്രമിക്കുന്നത്. ഗാന്ധി ഘാതകർ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നു. ഗാന്ധിജിയുടെ വാചകങ്ങളെ ഇവർ തങ്ങൾക്ക് അനുകൂലമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നു. ഈ സാഹചര്യത്തിൽ ഇത്തവണത്തെ ഗാന്ധി ജയന്തി ദിനാഘോഷങ്ങൾക്ക് പ്രസക്തി വർധിക്കുന്നു. രാഷ്ട്രപിതാവായ ഗാന്ധിജിയേയും ആശയങ്ങളേയും നിലനിർത്തുമെന്ന പ്രതിജ്ഞയാണ് ഈ ദിനത്തിൽ ഓരോ ഇന്ത്യക്കാരനും ഉറക്കെ ചൊല്ലേണ്ടത്.