ന്യൂഡൽഹി : ജമ്മുകാശ്മീരിന് ഭരണഘടന അനുവദിച്ച പ്രത്യേക പദവി പിൻവലിച്ച ഇന്ത്യയുടെ നടപടിക്കെതിരെ ഇസ്ളാമിക രാഷ്ട്രങ്ങളുടെ പിന്തുണ തേടിയുള്ള പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ നീക്കങ്ങൾക്ക് തിരിച്ചടി നൽകാൻ ഇന്ത്യ നീക്കമാരംഭിച്ചു. നയതന്ത്രതലത്തിലുള്ള നീക്കങ്ങളാണ് ഇന്ത്യ ആരംഭിച്ചിരിക്കുന്നത്. ആദ്യ പടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ സൗദിയിലേക്ക് തിരിച്ചു. ചൊവ്വാഴ്ച സൗദി രാജകുമാരനും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാനുമായി റിയാദിൽ ഡോവൽ കൂടിക്കാഴ്ച നടത്തും. കാശ്മീരിലെ നിർണായക നീക്കത്തിന് അടിത്തറ ഒരുക്കുകയും സുരക്ഷ വിലയിരുത്തലുകൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്ത ഡോവലിനെ സൗദിയിലേക്ക് അയക്കുന്നതിലൂടെ കൃത്യമായ സന്ദേശമാണ് പാകിസ്ഥാന് ഇന്ത്യ നൽകുന്നത്. കാശ്മീരിൽ ഇന്ത്യ നടപ്പിലാക്കിയ നടപടികൾ രാജ്യത്തിന്റെ ആഭ്യന്തരകാര്യം മാത്രമാണെന്ന് സൗദിയെ ധരിപ്പിക്കും. പാകിസ്ഥാൻ പ്രചരിപ്പിക്കുന്ന തെറ്റായ സന്ദേശങ്ങളെ തുറന്നുകാട്ടുകയും ചെയ്യും.
ആഗസ്റ്റ് അഞ്ചിന് കാശ്മീരിൽ സുപ്രധാന തീരുമാനമെടുത്ത ഇന്ത്യയുടെ നിലപാടിനെതിരെ നിരന്തരം കുപ്രചരണങ്ങളുമായി പാകിസ്ഥാൻ രംഗത്തെത്തിയിരുന്നു. യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച് ലോകരാജ്യങ്ങളെ ഇടപെടുത്തി ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള പാക് ശ്രമങ്ങൾ ഒന്നൊന്നായി പരാജയപ്പെട്ടപ്പോഴാണ് ഇസ്ളാമിക രാഷ്ട്രങ്ങളുടെ പിന്തുണ തേടാൻ പാക് ഭരണകൂടം ശ്രമിക്കുന്നത്. ഇതിനായി ഗൾഫ് രാജ്യങ്ങൾക്കു പുറമേ മലേഷ്യ, തുർക്കി തുടങ്ങിയ രാഷ്ട്രങ്ങളുടെ പിന്തുണ തേടാനാണ് ഇമ്രാൻ ഖാൻ ശ്രമിക്കുന്നത്. എന്നാൽ സൗദിയും, യു.എ.ഇയും കാശ്മീർ പ്രശ്നത്തിൽ ഏറെ കരുതലോടെയാണ് ഇതുവരെ പ്രതികരിച്ചിട്ടുള്ളത്.
കാശ്മീർ വിഷയത്തിന് പുറമേ മറ്റ് പ്രധാന വിഷയങ്ങളിൻമേലുള്ള ചർച്ചകളും ഡോവലിന്റെ സന്ദർശന ലക്ഷ്യത്തിൽ ഉൾപ്പെടുന്നു. സൽമാൻ രാജകുമാരന്റെ സ്വപ്നപദ്ധതിയായ സൗദി വിഷൻ പൂർത്തീകരിക്കുന്നതിനായി ഏഴ് ലക്ഷം കോടിയുടെ നിക്ഷേപം ഇന്ത്യയിൽ നടത്തുമെന്ന് സൗദി പ്രഖ്യാപിച്ചിരുന്നു. എണ്ണ ഇതര മേഖലകളിൽ നിന്ന് വരുമാനം കണ്ടെത്താനുള്ള പദ്ധതിയാണിത്. ഊർജം, റിഫൈനിംഗ്, പെട്രോകെമിക്കൽ, അടിസ്ഥാനസൗകര്യ വികസനം, കാർഷികം, ഖനനം, ധാതുമേഖല എന്നി മേഖലകളിലാണ് നിക്ഷേപമെത്തുക.