secretariate

തിരുവനന്തപുരം: സാർ...നാളെ ഒരു അവധി കിട്ടിയാൽ നന്നായിരുന്നു. ഈ ഒരു വാചകം എന്തായാലും ഇനി സർക്കാർ ഓഫീസുകളിൽ മുഴങ്ങില്ല. കാരണം ഇനിമുതൽ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ഓൺലൈനായി അവധി എടുക്കാം. ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക് വഴി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യം ഇന്നലെ മുതൽ നിലവിൽ വന്നു.

അതത് മേധാവികൾക്ക് ഫോം പൂരിപ്പിച്ചു നൽകി അപേക്ഷ സമർപ്പിക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. എന്നാൽ ഇനിമുതൽ കംപ്യൂട്ടറോ മൊബൈൽ ഫോണോ ഉപയോഗിച്ച് ഓൺലൈൻ ആയി അവധിക്ക് അപേക്ഷിക്കാം. ജീവനക്കാർക്കു നൽകിയിട്ടുള്ള യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ചാണ് സ്പാർക് പോർട്ടലിൽ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കേണ്ടത്. മേലുദ്യോഗസ്ഥൻ ഇവ ഓൺലൈനായിത്തന്നെ അംഗീകരിക്കുകയോ തള്ളുകയോ ചെയ്യും. അവധി വിവരങ്ങൾ ഡിജിറ്റൽ സർവീസ് ബുക്കിലും രേഖപ്പെടുത്തും. അതേസമയം, ഗൾഫിലേക്കും മറ്റും പോകാനായി ദീർഘകാലത്തേക്കുള്ള അവധിയെടുക്കൽ ഓൺലൈൻ വഴി നടക്കില്ല.

നിലവിൽ ധന, ട്രഷറി വകുപ്പുകളിലെ ജീവനക്കാർക്കാണ് ഇപ്പോൾ ഈ സൗകര്യം. രണ്ടു മാസത്തിനകം എല്ലാ വകുപ്പുകളിലെയും ജീവനക്കാർക്കു ലഭിക്കും.