security-alert

ശ്രീനഗർ: വ്യോമസേനാ താവളങ്ങളിൽ ചാവേറാക്രമണ ഭീഷണിയെ തുടർന്ന് സുരക്ഷ ശക്തമാക്കി. അതിർത്തിയിലെ സൈനിക കേന്ദ്രങ്ങളിലാണ് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി വിവരം. സൈനിക താവളങ്ങളിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടുവെന്ന രഹസ്യ വിവരത്തേത്തുടർന്നാണ് ജമ്മു-കശ്മീരിലേയും പഞ്ചാബിലേയും സൈനിക കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കിയത്.

ചാവേറാക്രമണ ഭീഷണിയെ തുടർന്ന് അഞ്ച് പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അമൃത്സർ, പത്താൻകോട്ട്, ശ്രീനഗർ, അവന്തിപുർ, ഹിൻഡൻ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്. ഇവിടെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലേർട്ട് കഴിഞ്ഞാൽ ഏറ്റവും വലിയ സുരക്ഷാ മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട്. പത്തോളം പേരുള്ള ചാവേർസംഘം ഈ സ്ഥലങ്ങൾ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.

അതേസമയം, പാകിസ്ഥാൻ ഭീകര പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടി തുടർന്നാൽ അതിർത്തി കടന്ന് ആക്രമിക്കാനും ഇന്ത്യ മടക്കില്ലെന്ന് കരസേനാ മേധാവി, ജനറൽ ബിപിൻ റാവത്ത് വ്യക്തമാക്കിയിരുന്നു. അതിർത്തിയിൽ പാകിസ്ഥാന്റെ പതിവ് ഒളിച്ചുകളി നടക്കില്ല. ഭാവിയിൽ ഇന്ത്യയുടെ നടപടി എന്താകുമെന്ന് സർജിക്കൽ ആക്രമണവും ബാലാക്കോട്ട് വ്യോമാക്രമണവും തെളിയിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ആഗസ്‌റ്റ് അഞ്ചിനു ശേഷം താഴ്‌വരയിൽ ഭീകരരെ കടത്തിവിട്ട് അശാന്തി പടർത്താൻ പാകിസ്ഥാൻ ശ്രമിക്കുന്നുണ്ട്. ഭീകരർക്ക് ആക്രമത്തിന് നേതൃത്വം നൽകാൻ ആളില്ല. അതിർത്തി വഴിയുള്ള നുഴഞ്ഞു കയറ്റത്തിന് ഇന്ത്യ ഒരവസരവും നൽകുന്നുമില്ല. കാശ്‌മീരിലെ ജനങ്ങൾ യാഥാർത്ഥ്യം മനസിലാക്കിയെന്നും അവർക്ക് ഇനി രാജ്യത്ത് എവിടെയും പോകാനും ഇഷ്ടമുള്ളത് ചെയ്യാനും കഴിയുമെന്നും ജനറൽ റാവത്ത് ചൂണ്ടിക്കാട്ടി. നാഫെഡ് വഴി ആപ്പിൾ ശേഖരിക്കാനുള്ള നടപടി അടക്കം സർക്കാരിന്റെ നീക്കങ്ങൾക്ക് തുരങ്കം വയ്‌ക്കാൻ ശ്രമിച്ചവരെയാണ് കാശ്‌മീരിൽ കസ്‌റ്റഡിയിൽ എടുത്തിട്ടുള്ളതെന്നും കരസേനാ മേധാവി പറഞ്ഞു.