രാജ്യം മുഴുവനും ദേശീയപൗരത്വ രജിസ്റ്റർ നടപ്പിലാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശത്തെ പിന്തുണച്ച് ബി.ജെ.പി വക്താവ് സന്ദീപ് വാര്യർ. അസാമിൽ സർക്കാർ സ്വീകരിച്ച നടപടികൾ കേരളത്തിലും നടപ്പിലാക്കണമെന്നും അന്യസംസ്ഥാന തൊഴിലാളികളെന്ന പേരിൽ കേരളത്തിൽ തമ്പടിച്ചിരിക്കുന്ന ലക്ഷക്കണക്കിന് ബംഗ്ലാദേശികളെ കണ്ടെത്തി പുറത്താക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. അടുത്തിടെ ബംഗ്ലാദേശിൽ നിന്നുമുള്ള തീവ്രവാദികളെ മലപ്പുറത്ത് നിന്നും പിടികൂടി, ഇവിടെയെത്തിയവരിൽ കവർച്ചക്കാരും തീവ്രവാദികളും ഉണ്ടെന്നും സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. ഇത് കൂടാതെ കേരളത്തിലെ തൊഴിൽ മേഖലയെ ഒന്നായി നശിപ്പിച്ച് ആയിരക്കണക്കിന് കോടിരൂപ കേരളത്തിൽ നിന്നും ഇവർ കടത്തിക്കൊണ്ടു പോകുന്നുണ്ട്. രാഷ്ട്രീയ താല്പര്യങ്ങൾക്ക് അപ്പുറം കേരളത്തിന്റെ പൊതുനന്മയെ കണക്കാക്കി നുഴഞ്ഞുകയറിയ ബംഗ്ലാദേശികളെ പുറത്താക്കാനുള്ള കേന്ദ്ര സർക്കാർ നയം കേരളത്തിലും നടപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നടന്ന ബി.ജെ.പി റാലിയിൽ സംസാരിക്കവേ രാജ്യം മുഴുവനും ദേശീയപൗരത്വ രജിസ്റ്റർ നടപ്പിലാക്കുമെന്നും കൃത്യമായ പൗരത്വ രേഖകളുള്ളവരെ മാത്രമെ രാജ്യത്തെ പൗരൻമാരായി അംഗീകരിക്കൂവെന്നും കേന്ദ്ര മന്ത്രി അമിത് ഷാ പ്രസ്താവിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കൊൽക്കത്തയിൽ പറഞ്ഞിട്ടുണ്ട്. കൊൽക്കത്തയിലും ആസാമിലും മാത്രം പോരാ, കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന നുഴഞ്ഞ് കയറിയിട്ടുള്ള ബംഗ്ലാദേശികളെ തിരഞ്ഞു പിടിച്ചു പുറത്താക്കണം.
ബംഗ്ലാദേശി തീവ്രവാദികളെ അടുത്തിടെ പിടികൂടിയത് മലപ്പുറത്തുനിന്നും ആണ്. ഇവിടെ നുഴഞ്ഞുകയറിയ ബംഗ്ലാദേശികളിൽ കവർച്ചക്കാരും തീവ്രവാദികളും ഉണ്ട്. ലക്ഷക്കണക്കിന് ബംഗ്ലാദേശികൾ കേരളത്തിൽ വന്ന് തമ്പടിക്കുകയാണ്. സർക്കാരിന്റെ കയ്യിൽ ഒരു കണക്കുമില്ല. ആയിരക്കണക്കിന് കോടി രൂപ ഇവർ കേരളത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നു. തൊഴിൽ മേഖല പൂർണ്ണമായും നശിപ്പിക്കുന്നു.
അപകടകരമായ നിലയിലേക്ക് കേരളത്തിലെ ബംഗ്ലാദേശികളുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്. ഇതിനൊരു അറുതി വരേണ്ടതുണ്ട്. രാഷ്ട്രീയ താല്പര്യങ്ങൾക്ക് അപ്പുറം കേരളത്തിന്റെ പൊതുനന്മയെ കണക്കാക്കി, രാജ്യ താൽപര്യം മുൻനിർത്തി നുഴഞ്ഞുകയറിയ ബംഗ്ലാദേശികളെ പുറത്താക്കാനുള്ള കേന്ദ്ര സർക്കാർ നയം കേരളത്തിലും നടപ്പാക്കണം .