വാഷിംഗ്ടൺ: ജമ്മു കാശ്മീരിൽ കേന്ദ്ര സർക്കാർ വികസനം കൊണ്ടുവരുന്നതോടെ കഴിഞ്ഞ 70 വർഷമായി പാകിസ്ഥാൻ സംസ്ഥാനത്തിനെതിരെ നടത്തിയിരുന്ന എല്ലാ പ്രവർത്തനങ്ങൾക്കും അവസാനമാകുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ പറഞ്ഞു. എന്നാൽ ജമ്മു കാശ്മീരിൽ മാറ്റങ്ങൾ സംഭവിക്കുമ്പോൾ പാകിസ്ഥാൻ അടങ്ങിയിരിക്കില്ലെന്നും അതിനാൽ ആദ്യം ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുകയും ജീവഹാനി ഒഴിവാക്കുകയുമാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണിലുള്ള സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് എന്ന അമേരിക്കൻ തിങ്ക് ടാങ്കിനോടാണ് ജയ്ശങ്കർ ഇക്കാര്യം പറഞ്ഞത്.
കാശ്മീരിൽ ആശയവിനിമയ സംവിധാനങ്ങൾ നിർത്തിവച്ചിരിക്കുന്നത് സോഷ്യൽ മീഡിയ വഴിയും ഇന്റർനെറ്റ് വഴിയുമുള്ള രാജ്യത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ തടയുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം വിശദീകരിച്ചു. പാകിസ്ഥാന് കാശ്മീരിൽ നിക്ഷിപ്ത താത്പര്യങ്ങൾ ഉണ്ടെന്നും കഴിഞ്ഞ 70 വർഷമായി ഈ താത്പര്യങ്ങൾക്ക് ഏറെ വളർച്ചയുണ്ടായിട്ടുണ്ടെന്നും ജയ്‌ശങ്കർ വിശദീകരിച്ചു. ജമ്മു കശ്മീരിലെ കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയെ കുറിച്ചും, അവിടുത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും ജയ്‌ശങ്കർ വാചാലനായി.
ജമ്മു കാശ്മീരിൽ ഇന്ത്യ വരുത്തിയ മാറ്റങ്ങൾ ആ പ്രദേശത്തെ സമാധാനത്തിലേക്കാണ് നയിക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വളരെ പ്രധാനമായ ഒരു മാറ്റം സംഭവിക്കുമ്പോൾ അതിന് പ്രതികരണങ്ങൾ ഉണ്ടാകുമെന്നും അത്തരമൊരു പ്രതികരണമാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ മാസം ജമ്മു കാശ്മീർ ഗവർണറായ സത്യപാൽ മാലിക്കും ഇതേ കാര്യം പറഞ്ഞിരുന്നു. കാശ്മീരിൽ വികസനം ഉണ്ടാകുമ്പോൾ ഇപ്പോൾ പാകിസ്ഥാൻ അധീന കാശ്മീരിൽ കഴിയുന്നവരും ഇന്ത്യയിലേക്ക് എത്തിച്ചേരുമെനാണ് സത്യപാൽ മാലിക് പറഞ്ഞത്.