sankar-ray

കാസർകോട് : ആചാരലംഘനം ആരു നടത്തിയാലും അത് ശരിയല്ലെന്നും, വ്രതാനുഷ്ഠാനങ്ങൾ പാലിച്ചുകൊണ്ട് യുവതികൾക്ക് ശബരിമല ദർശനം നടത്താമെന്നും സി.പി.എം നേതാവ് എം.ശങ്കർ റൈ. മഞ്ച്വേശ്വരം നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ് ഇദ്ദേഹം. ആചാരാനുഷ്ഠാനങ്ങളെ തട്ടിക്കളഞ്ഞ് ശബരിമലയിലേക്ക് ആരും പോകരുതെന്നും എം.ശങ്കർ റൈ അഭിപ്രായപ്പെട്ടു. അതേസമയം സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടത് സർക്കാരിന്റെ കാര്യമാണെന്നും മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവേ ഇടത് സ്ഥാനാർത്ഥി അഭിപ്രായപ്പെട്ടു.

ക്ഷേത്രദർശനം നടത്തിയ ശേഷം സ്ഥാനാർത്ഥിയായി പത്രിക സമർപ്പിക്കാനെത്തിയ ശങ്കർ റൈയുടെ നീക്കം വാർത്താപ്രാധാന്യം നേടിയിരുന്നു. ആദ്യമായിട്ടാണ് ഒരു സി.പി.എം സ്ഥാനാർത്ഥി പത്രികാ സമർപ്പണത്തിന് മുൻപായി ക്ഷേത്രദർശനം നടത്തുന്നത്. മധൂർ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലാണ് ഇദ്ദേഹം ദർശനം നടത്തിയത്. ക്ഷേത്രത്തിലെത്തിയ ഇദ്ദേഹം ഉദയാസ്തമയ പൂജ നടത്തി പ്രസാദം സഹപ്രവർത്തകർക്ക് വിതരണം ചെയ്തു. ഇതിനു ശേഷം ജില്ലാ കമ്മറ്റി ഓഫീസിലെത്തിയ ശങ്കർ റൈ അവിടെനിന്നാണ് പത്രികാസമർപ്പണത്തിനായി പോയത്.