ശബരിമല തീർത്ഥാടനം വിഷയമാക്കുന്ന ലാൽ ജോസ് ചിത്രം '41'ന്റെ ടീസർ യൂട്യൂബിൽ പുറത്തിറങ്ങി. ശക്തമായ ഇടതുപക്ഷ മനോഭാവമുള്ള രണ്ടുപേർ ശബരിമല തീർത്ഥാടനത്തിന് പോകുന്നതും, തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് നിമിഷ സജയൻ, ബിജു മേനോൻ എന്നിവർ പ്രധാന കഥാപത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ ഇതിവൃത്തം. ഒരു മിനിറ്റുനേരം ദൈർഘ്യമുള്ള ചിത്രത്തിന്റെ ടീസറിന് യൂട്യൂബിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിമിഷ സജയനും ബിജുമേനോനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും '41'നുണ്ട്.
സമകാലിക സംഭവം വിഷയമാക്കുന്ന ചിത്രത്തിൽ കണ്ണൂരിലെ രാഷ്ട്രീയ പശ്ചാത്തലവും ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നാണ് സൂചന. ലാൽ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമായ '41'ൽ ഇന്ദ്രൻസും സുരേഷ് കൃഷ്ണയും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. തിരക്കഥാരംഗത്ത് പുതുമുഖമായ പി.ജി പ്രഗീഷാണ് ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിച്ചിരിക്കുന്നത്. ബിജിബാലാണ് സംഗീതം. രംഗനാഥ് രവി ശബ്ദമിശ്രണം നിര്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രഞ്ജൻ എബ്രഹാമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം എസ്.കുമാർ. എൽ.ജെ ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.