nigeria-police

ലാഗോസ്(നൈജീരിയ): ലാഗോസിൽ പ്രവർത്തിച്ചിരുന്ന ശിശു ഉൽപാദന കേന്ദ്രത്തിൽ നിന്നും പൊലീസിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ 19 ഗർഭിണികളെ മോചിപ്പിച്ചു. ഇവിടങ്ങളിൽ നവജാത ശിശുക്കളെ വൻ വിലക്ക് വിൽക്കാറുണ്ട്. നൈജീരിയയിലെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള ശിശു ഉൽപാദന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പലതും പ്രാദേശികമായ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്. 15നും 28 നും ഇടയിൽ പ്രായമുള്ള ഗർഭിണികളെയാണ് ഇവിടെ നിന്ന് മോചിപ്പിച്ചിരിക്കുന്നത്. കൂടാതെ നാല് നവജാത ശിശുക്കളേയും ഇവിടെ നിന്ന് മോചിപ്പിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തട്ടിക്കൊണ്ട് വരുന്നവരാണ് ഇവിടെയുള്ള സ്ത്രീകളിൽ കൂടുതലും. പലരുടെയും ഭീഷണിക്ക് വഴങ്ങിയാണ് ഇവർ ഇവിടേക്ക് എത്തിപ്പെട്ടത്. കേന്ദ്രം നടത്തിക്കൊണ്ടിരുന്ന പരിശീലനം ലഭിക്കാത്ത രണ്ട് നഴ്സുമാർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായി നൈജീരിയൻ പൊലീസ് വ്യക്തമാക്കി. രക്ഷപെട്ട യുവതികൾ പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത് ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളാണ്.

തങ്ങളെ നാളുകളായി പീഡിപ്പിച്ച വരികയാണെന്നും ഗർഭിണിയാകുവാനായി നിരവധി ആളുകളുമായി കിടക്ക പങ്കിടേണ്ടി വന്നുവെന്നെന്നും മുറിയിൽ നിന്നും പുറത്തിറങ്ങാൻ പോലും അനുവദിക്കാറില്ലെന്നും ഇവർ പറയുന്നു. 1 ലക്ഷം രൂപ മുതലാണ് ഇവിടെ നിന്ന് വൽക്കുന്ന കുട്ടികൾക്ക് വിലയീടാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. ഈ കേന്ദ്രത്തിൽ സ്ത്രീകളെയും വിറ്റിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ വാങ്ങുന്നത് ആരാണെന്നത് കണ്ടെത്താൻ ഒളിവിൽ പോയ കേന്ദ്രം നടത്തിപ്പുകാരെ കണ്ടെത്തണമെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ഒരുവർഷത്തോളമായി 160 കുട്ടികളെയാണ് ഇത്തരം നിയമവിരുദ്ധ സ്ഥാപനങ്ങളിൽ നിന്ന് മോചിപ്പിച്ചിട്ടുള്ളത്. പീഡനത്തിന് ശേഷം മുറിയിൽ നിന്ന് പുറത്തിറങ്ങാൻ പോലും അനുവദിക്കാറില്ലെന്നും ഇരകളാക്കപ്പെട്ടവർ പറയുന്നു. ഗർഭിണിയാകാനായി ഇതുവരെ ഏഴ് വ്യത്യസ്ത ആൾക്കാരുമായി കിടക്ക പങ്കിടേണ്ടി വന്നുവെന്ന് കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ഗർഭിണികളിലൊരാൾ മൊഴി നൽകി. പ്രസവശേഷം വൻ തുക നൽകുമെന്നായിരുന്നു വാഗ്‌ദാനമെന്നും ഇവർ കൂട്ടിച്ചേർത്തു.