telegram

കൊച്ചി: മെസേജിംഗ് പ്ലാറ്റ്ഫോമായ ടെലഗ്രാം നിരോധിക്കണമെന്ന ആവശ്യവുമായി കേരള ഹൈക്കോടതിയിൽ ഹർജി. ആപ്പ് വഴി തീവ്രവാദവും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കപ്പെടുന്നു എന്ന് കാണിച്ചാണ് ആപ്പ് നിരോധിക്കണമെന്ന് ഹർജിയിൽ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നാഷണൽ ലോ സ്‌കൂൾ ഒഫ് ഇന്ത്യയിലെ എൽ.എൽ.എം വിദ്യാർത്ഥിയും കോഴിക്കോട് സ്വദേശിയുമായ അഥീന സോളമൻ ആണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

റഷ്യൻ ആപ്പായ ടെലഗ്രാമിൽ അയക്കുന്നതാരെന്ന് വെളിപ്പെടുത്താതെ സന്ദേശങ്ങൾ അയക്കാൻ സാധിക്കും. 2013ലാണ് ആപ്പ് നിലവിൽ വന്നത്. കുട്ടികളുടെയും സ്ത്രീകളുടെയും നഗ്നചിത്രങ്ങളും അശ്ലീല വീഡിയോകളും രഹസ്യസന്ദേശങ്ങളായി അയക്കുന്നതായും തീവ്രവാദം പ്രചരിപ്പിക്കുന്നതായും കണ്ടെത്തിയതിനെ തുടർന്ന് ഇന്തോനേഷ്യയിൽ ആപ്പ് നിരോധിച്ച കാര്യവും അഥീന തന്റെ ഹർജിയുടെ ചൂണ്ടിക്കാട്ടുന്നു. വ്യാഴാഴ്ചയാണ് യുവതിയുടെ ഹർജി കോടതി പരിഗണിക്കുക. സമൂഹമാദ്ധ്യമങ്ങൾ രാജ്യത്ത് ദുരുപയോഗം ചെയ്യപ്പെടുന്നതിനെ കുറിച്ച് ഏതാനും ദിവസം മുൻപ് സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.