sye-raa-narasimha-reddy

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ നടത്തിയ ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങൾ പുകൾപെറ്റവയാണ്. നാടിന് വേണ്ടി ചോര ചിന്തിയ എണ്ണമറ്റ ഭാരതീയരുണ്ട്. അവരിൽ ചിലരുടെ കഥ ചരിത്രത്തിൽ അടയാളപ്പെടുത്തിയവയാണ്. ഏറ്റവും ശ്രദ്ദേയമായ 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് പത്ത് വർഷം മുൻപ് ആന്ധ്രയിലെ റേനാഡിൽ നടന്ന കലാപത്തെ കുറിച്ചാണ് സുരേന്ദർ റെഡ്ഡി സംവിധാനം ചിര‌ഞ്ജീവി നായകായ 'സൈറ നരസിംഹ റെഡ്ഡി' പറയുന്നത്. വൻ ബഡ്ജറ്റിൽ പൂർത്തിയായ ചിത്രം ദൃശ്യവിസ്മയമാണ് ഒരുക്കിയിരിക്കുന്നത്.

sye-raa-narasimha-reddy

ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ യുദ്ധമുഖത്ത് നിൽക്കുന്ന ഝാൻസി റാണി യോദ്ധാക്കൾക്ക് വീര്യം പകരാൻ നരസിംഹ റെഡ്ഡിയുടെ കഥ പറഞ്ഞയുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. ബ്രിട്ടീഷുകാരുടെ കാട്ടാള ഭരണത്തിൽ ഒരുപോലെ പൊറുതിമുട്ടിയിരിക്കുകയാണ് കർഷകരും നാട്ടുരാജാക്കന്മാരും. പല ചെറു നാടുകളായി ഭിന്നിച്ച് കിടക്കുന്ന ഭാരതത്തെ ആയുധബലം കൊണ്ടും തിണ്ണമിടുക്കും കൊണ്ട് അടക്കിഭരിക്കുകയാണ് വെള്ളക്കാർ. ആന്ധ്രയിലെ റേനാഡിൽ ബ്രിട്ടീഷ്‌കാർക്ക് കപ്പം അടയ്ക്കണോ അല്ലെങ്കിൽ ആത്മാഭിമാനം വിൽക്കണോ എന്ന സന്ധിയിൽ പെട്ടിരിക്കുകയാണ് ജനം. ഒന്നിപ്പിക്കാനോ തട്ടി കേൾക്കാനോ ഒരു നേതാവ് ഇല്ല എന്ന അവസ്ഥയിൽ നിൽക്കുന്ന ജനതയ്ക്ക് പ്രതീക്ഷയാകുകയാണ് കുർണൂളിലെ നരസിംഹ റെഡ്ഡി എന്ന നാട്ടുരാജാവ്. വെറുതെ കൊല്ലുന്നതിലല്ല യുദ്ധം ജയിക്കുന്നതിലാണ് കാര്യം എന്ന പാഠം ചെറുപ്പത്തിൽ തന്നെ ഗുരുമുഖത്ത് നിന്ന് അയാൾ പഠിച്ചിരുന്നു. വ്യത്യാസങ്ങൾ ഒക്കെ മറന്ന് ഭാരതമണ്ണിനു വേണ്ടി എല്ലാരെയും ഒരുമിപ്പിക്കുന്നതിലാണ് വിജയമെന്ന് മനസിലാക്കിയ നരസിംഹ റെഡ്ഡി അധിനിവേശക്കാർക്കെതിരെ വാൾ കൊണ്ടും ബുദ്ധി കൊണ്ടുമുള്ള പോരാട്ടം നയിക്കാനാണ് ശ്രമിച്ചത്. എന്നാൽ ക്രൂരതയുടെ സീമകൾ ബ്രിട്ടീഷുകാർ ലംഘിച്ചപ്പോൾ കണ്ട് നിൽക്കാൻ നരസിംഹ റെഡ്ഡിക്കായില്ല. ബ്രിട്ടീഷ് അധികാരിയുടെ തല കൊയ്ത് തന്നെ അയാൾ യുദ്ധകാഹളം മുഴക്കി. അതോടെ ഒരു ജനതയ്ക്ക് സ്വാതന്ത്രത്തിന്റെ പ്രതീക്ഷയായി അയാൾ മാറി. അപ്പോഴും കൂടെ നിൽക്കാൻ തയ്യാറാകാത്ത നാട്ടുപ്രമാണിമാർ ഏറെയായിരുന്നു. അതിൽ ഭൂരിഭാഗം പേരെയും അണിച്ചേർത്ത നരസിംഹ റെഡ്ഡിയുടെ പോരാട്ടത്തിന്റെ കഥയാണ് പിന്നീടങ്ങോട്ട്.

sye-raa-narasimha-reddy

ദേശസ്നേഹത്തോടൊപ്പം പ്രണയത്തിന്റെയും കുതികാൽ വെട്ടിന്റെയും കഥ ചിത്രത്തിൽ പറയുന്നുണ്ട്. വലിയ കാൻവാസിൽ പൂർത്തിയായ ചിത്രം മികച്ച സംഘട്ടന രംഗങ്ങൾ കൊണ്ടും സാങ്കേതിക തികവും കൊണ്ടും സമ്പുഷ്ടമാണ്. വലിയ താരനിരയുണ്ടെങ്കിലും തികച്ചും ഒരു ചിരഞ്ജീവി ചിത്രമാണ് സൈറ നരസിംഹ റെഡ്ഡി. പ്രഗത്ഭരായ മറ്റു നടീനടന്മാരിൽ പിന്നെ പ്രാധാന്യമുള്ളത് കിച്ചാ സുധീപിന്റെ അവുകു രാജു എന്ന കഥാപാത്രമാണ്. അമിതാഭ് ബച്ചൻ, വിജയ് സേതുപതി, നയൻതാര, തമന്ന, ജഗപതി ബാബു, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനുഷ്കാ ഷെട്ടി അതിഥി വേഷം അവതരിപ്പിച്ചിരിക്കുന്നു.

തിയേറ്റർ അനുഭവമാകേണ്ട ഘടകങ്ങളുണ്ടെങ്കിലും എടുത്തു പറയത്തക്ക പോരായ്മകളും ചിത്രത്തിനുണ്ട്. പല കഥാപാത്രങ്ങൾ വന്നു പോകുന്നതല്ലാതെ പ്രേക്ഷകനുമായി ഒരു ബന്ധം സ്ഥാപിക്കാനായിട്ടില്ല. കഥാപാത്രങ്ങൾക്ക് എന്ത് സംഭവിച്ചാലും പ്രേക്ഷകന് നിസംഗതയായിരിക്കും. ചിത്രത്തിന്റെ വി.എഫ്.എക്സ് പലയിടത്തും ശരാശരി നിലവാരമാണ്. തിരക്കഥയ്ക്ക് കുറച്ചു കൂടി കെട്ടുറപ്പും വേണ്ടിയിരുന്നു.

sye-raa-narasimha-reddy

രത്‌നവേലുവിന്റെ ഛായാഗ്രാഹണം പ്രത്യേക പരാമർശം അർഹിക്കുന്നു. ചിത്രത്തിന്റെ മൂല്യത്തിന് കാമറ ചെലുത്തിയ സ്വാധീനം തീർച്ചയായും വലുതാണ്. ജൂലിയസ് പാക്കിയം തയ്യാറാക്കിയ പശ്ചാത്തല സംഗീതവും അമിത് ത്രിവേദിയുടെ ഗാനങ്ങളും മികച്ചതാണ്.

ചില കുറവുകൾ മാറ്റി നിറുത്തിയാൽ നല്ലൊരു തിയേറ്റർ അനുഭവമാണ് സുരേന്ദർ റെഡ്ഡി ഒരുക്കിയിരിക്കുന്നത്. മെച്ചമില്ലാത്ത സീനുകൾക്കിടയിലും മികച്ച ചില സീനുകൾ കൊണ്ടും ചിര‌‌‌ഞ്ജീവിയുടെ പ്രകടനം കൊണ്ടും വലിയ കാൻവാസിൽ ഒരുക്കിയ സൈറ നരസിംഹ റെഡ്ഡി ദൃശ്യവിരുന്നാണ്.

വാൽക്കഷണം: ചീരുവിന്റെ വൺമാൻ ഷോ

റേറ്റിംഗ്: 3/5