ന്യൂഡൽഹി: ആർ.എസ്.എസിന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പാത പിൻതുടരാനാകില്ലെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധി. ബി.ജെ.പി ഗാന്ധിജിയെ ഒരിക്കലും അംഗീകരിച്ചിരുന്നില്ലെന്നും ഗാന്ധിയൻ ആശയങ്ങൾ പിന്തുടരുന്നത് കോൺഗ്രസ് മാത്രമാണെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ സംഭവിക്കുന്ന കാര്യങ്ങളെയോർത്ത് ഗാന്ധിജിയുടെ ആത്മാവ് വേദനിക്കുനുണ്ടാകുമെന്നും സോണിയ പറഞ്ഞു. ഗാന്ധിജിയുടെ 150ആം ജന്മവാർഷികത്തിൽ രാജ്‌ഘട്ടിൽ പാർട്ടി പ്രവർത്തകരെയും നേതാക്കളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.
'തങ്ങൾ എല്ലാത്തിനും മുകളിലാണെന്ന് വിചാരിക്കുന്നവർക്ക് എങ്ങനെ മഹാത്മാ ഗാന്ധിയുടെ ത്യാഗങ്ങൾ മനസിലാക്കാൻ സാധിക്കും? നുണയുടെ രാഷ്ട്രീയം അനുസരിച്ച് പ്രവർത്തിക്കുന്നവർക്ക് ഒരിക്കലും ഗാന്ധിജിയുടെ അഹിംസാ തത്വശാസ്ത്രം മനസിലാക്കാൻ കഴിയില്ല.' സോണിയ ഗാന്ധി പറഞ്ഞു. ഇന്ത്യയും ഗാന്ധിയും ഒരേ അർത്ഥത്തെ സൂചിപ്പിക്കുന്ന പദങ്ങളാണെന്നും, എന്നാൽ ചിലർ ഇന്ത്യയെ ആർ.എസ്.എസിന്റെ പര്യായപദമാക്കാൻ ശ്രമിക്കുകയാണെന്നും കോൺഗ്രസ് അദ്ധ്യക്ഷ പറഞ്ഞു. ഗാന്ധിജിയുടെ പാത പിന്തുടർന്നുകൊണ്ട് കോൺഗ്രസ് രാജ്യത്തെ ജനങ്ങൾക്ക് മറ്റാർക്കും സാധിക്കാത്ത തരത്തിൽ വിദ്യാഭ്യാസം, തൊഴിൽ, കർഷകർക്കുള്ള സഹായങ്ങൾ എന്നിവ നൽകിയെന്നും സോണിയ പറഞ്ഞു. ഗാന്ധിയുടെ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിയ സത്യവാചകങ്ങൾ പാർട്ടി പ്രവർത്തകരും സോണിയ ഗാന്ധിയും ഉരുവിടുകയും ചെയ്തു.