കാസർകോട്: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടു കൂടി രാഷ്‌ട്രീയ കേരളത്തിൽ ചർച്ചകൾക്ക് ചൂടുപിടിച്ചു കഴിഞ്ഞു. വട്ടിയൂർകാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ഒക്‌ടോബർ 21ന് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഫലം 24നും പുറത്തുവരും. മൂന്ന് മുന്നണികളും തങ്ങളുടെ സ്ഥാനാർത്ഥികളുടെ വിജയത്തിനായി അരയും തലയും മുറുക്കി കളത്തിൽ നിറഞ്ഞാടുകയാണ്. പരസ്‌പരം കടന്നാക്രമിച്ചും ആരോപണശരങ്ങൾ എയ്‌തും എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും അങ്കപ്പയറ്റിൽ മത്സരം ശക്തമാക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് ജനങ്ങളുടെ ആശീർവാദം എത്രത്തോളം വലുതായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ? പ്രചരണത്തിനിടയിൽ തങ്ങളുടെ സമ്മതിദായകരുടെ അനുഗ്രഹാശിസുകൾ തേടി സ്ഥാനാർത്ഥികൾ പലതവണ പടിക്കെട്ടുകൾ പലത് കയറി ഇറങ്ങാറുണ്ട്. എന്നാൽ ഒരു സ്ഥാനാർത്ഥി തന്റെ എതിരാളിക്ക് അനുഗ്രഹം നൽകുന്നതിനെ പറ്റി നമുക്ക് ചിന്തിക്കാൻ കഴിയുമോ? പ്രത്യേകിച്ചും കേരളത്തിന്റെ ഇന്നത്തെ രാഷ്‌ട്രീയ സാഹചര്യത്തിൽ. എന്നാൽ അങ്ങനൊന്ന് കഴിഞ്ഞദിവസം കാസർകോട് പ്രസ്ക്ളബിൽ നടന്നു.
മഞ്ചേശ്വരത്തെ സ്ഥാനാർത്ഥികളായ രവീശ തന്ത്രി കുണ്ടാർ (എൻ.ഡി.എ), എം. ശങ്കർ റൈ (എൽ.ഡി.എഫ്), എം.സി ഖമറുദ്ദീൻ (യു.ഡി.എഫ്) എന്നിവർ കാസർകോട് പ്രസ്‌ക്ളബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കാൻ എത്തി. തുടർന്നു നടന്ന സംഭാഷണത്തിന് ശേഷം ശങ്കർ റൈ രവീശ തന്ത്രിയുടെ അനുഗ്രഹം വാങ്ങുകയായിരുന്നു. വെറും അനുഗ്രഹമല്ല, തന്ത്രിയുടെ കൈ പിടിച്ച് തന്റെ തലയിൽ വച്ച് റൈ തന്നെ സ്വയം അനുഗ്രഹം നേടി. തന്റെ എതിരാളികളുടെ 'അനുഗ്രഹ പരിപാടികൾക്ക്' സാക്ഷിയായി ഖമറുദ്ദിനും ഒപ്പമുണ്ടായത് കൗതുകമായി.
വീഡിയോ കാണാം-