ഫാഷന് പിന്നാലെയാണ് യുവത്വം എപ്പോഴും. വിദേശികൾക്കിടയിൽ പണ്ടുമുതൽക്കേ പ്രചാരത്തിലുണ്ടായിരുന്ന ശരീരത്തിൽ ടാറ്റു പതപ്പിക്കൽ നമുക്കിടയിലും തരംഗമാവുകയാണ്. ചെറുതും വലുതുമായ ടാറ്റു നമുക്കിഷ്ടമുള്ള രൂപത്തിലും നിറങ്ങളിലും ശരീരത്തിൽ പതിപ്പിക്കുന്നതും, പ്രദർശിപ്പിക്കുന്നതും ട്രന്റായി മാറുകയാണ് ഇപ്പോൾ.
ടാറ്റു പതിപ്പിക്കുമ്പോൾ
ടാറ്റു പതിപ്പിക്കുവാൻ തീരുമാനിക്കുമ്പോൾ അത് എപ്രകാരമുള്ളതാവണം എന്ന് ആദ്യമേ തീരുമാനിക്കണം. സ്ഥിരമായി കൊണ്ടുനടക്കാവുന്നത് മുതൽ തൽക്കാലത്തേയ്ക്ക് വേണ്ടി മാത്രമുള്ള ടാറ്റുവരെ പതിപ്പിക്കുവാനാവും. ഇതിൽ പെർമനന്റ് ടാറ്റൂ പതിപ്പിക്കുന്നവരാണ് ഏറെ ശ്രദ്ധിക്കേണ്ടത്. ഏതു തരം ടാറ്റുവാണ് പതിപ്പിക്കേണ്ടതെന്ന് തുടങ്ങിയുള്ള കാര്യങ്ങളെ കുറിച്ച് നന്നായി ചിന്തിച്ച ശേഷമായിരിക്കണം തീരുമാനമെടുക്കേണ്ടത്.
ടാറ്റു പതിച്ചുകഴിഞ്ഞാൽ
ഇലക്ട്രിക് യന്ത്രത്തിന്റെ സഹായത്തോടെ ശരീരത്തിലെ ത്വക്കിലേക്ക് മഷി പ്രവേശിപ്പിച്ചാണ് ടാറ്റു പതിപ്പിക്കുന്നത്. അതിനാൽ ടാറ്റുവിന് ശേഷം കുറച്ച് ദിവസത്തേയ്ക്ക് ഒരു മുറിവിനെ പോലെ തന്നെ പരിചരണം ആവശ്യമാണ്.
സുരക്ഷിതമാണോ ടാറ്റുപതിപ്പിക്കുന്നത്
ടാറ്റുപതിപ്പിക്കുമ്പോൾ പണം ലാഭിക്കുവാനായി പരിചയ സമ്പന്നരല്ലാത്തവരെ സമീപിക്കരുത്. ടാറ്റൂ പതിപ്പിക്കുന്നത് ട്രന്റായി മാറിയതോടെ കൂണുമുളയ്ക്കുന്നത് പോലെ ഇത്തരം സ്ഥാപനങ്ങൾ ആരംഭിക്കുന്നുണ്ട്. അതിനാൽ മികച്ചയിടം തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധ നൽകണം. ടാറ്റു പതിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന മെഷീനുകൾ,നൂഡിലുകൾ, ഉപയോഗിക്കുന്ന മഷിയുടെ ഗുണമേൻമ ഇതൊക്കെയാണ് ഒരാളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ളത്. അലർജി, അണുബാധ, ത്വക്കിൽ ഉണ്ടാവുന്ന മറ്റ് ഗുരുതര പ്രശ്നങ്ങൾ എന്നിവയിലേക്ക് ഇവ നയിച്ചേക്കാം. അണുബാധയാണ് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. അലർജി ഉണ്ടാക്കില്ലെന്ന് ടെസ്റ്റ് ഡോസ് എടുത്ത് ഉറപ്പാക്കിയതിനു ശേഷം മാത്രം ടാറ്റു പതിപ്പിക്കാൻ ശ്രദ്ധിക്കുക. ടാറ്റു ചെയ്തതിനു ശേഷം എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടെന്ന് കണ്ടാൽ ത്വക് രോഗ വിദ്ഗ്ദ്ധനെ ഉടനെ സമീപിക്കുക. സ്‌കിൻ അലർജിയുള്ളവർ, ഡയബറ്റിക് രോഗികൾ, ഹൃദയ സംബന്ധമായ അസുഖമുള്ളവർ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രമേ ടാറ്റു പതിപ്പിക്കാൻ ശ്രമിക്കാവൂ. ഇതുപോലെ തന്നെ പ്രധാനമാണ് ടാറ്റു പതിപ്പിക്കപ്പെട്ട ശരീരഭാഗം വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധ നൽകേണ്ടതാണ്.