renu-raj

ഇടുക്കി: ദേവികുളം സബ്കളക്ടർ സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പ് വ്യാജ പട്ടയങ്ങൾ റദ്ദാക്കി രേണുരാജ്. മൂന്നാറിൽ സ‌ർക്കാർ ഭൂമി കൈയേറി വ്യാജമായി നിർമ്മിച്ച പട്ടയങ്ങളാണ്. ഹൈക്കോടതിയുടെ നിർദേശാനുസരണം പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് നടപടി.

സെപ്തംബർ 24ന് സബ് കളക്ടർ ഇറക്കിയ ഉത്തരവാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയത്. ഇക്കാനഗറിലെ സര്‍വ്വെ നമ്പര്‍ 912 ല്‍ ഉള്‍പ്പെട്ട എല്‍.എ 96/99, 94/99,97/99,54/99 എന്നീ പട്ടയങ്ങളാണ് റദ്ദാക്കിയത്. രണ്ടരയേക്കറോളം വരുന്ന സ്ഥലം ഏറ്റെടുക്കാൻ രേണുരാജ് തഹസിൽദാർക്ക് നിർദേശവും നൽകി.

1999ൽ ദേവികുളം അഡീഷണൽ തഹസിൽദാറായിരുന്ന രവീന്ദ്രനാണ് ഈ പട്ടയങ്ങൾ അനുവദിച്ചത്. മരിയദാസ് എന്ന വ്യക്തി ഭൂമി കൈയേറി അയാളുടെ പേരിലും ബന്ധുക്കളുടെ പേരിലും വ്യാജ പട്ടയങ്ങൾ നിർമ്മിച്ചുവെന്നാണ് കേസ്. ബിനു പാപ്പച്ചൻ എന്നയാളാണ് മരിയദാസിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയത്.