വാഷിംഗ്ടൺ: ജമ്മുകാശ്‌മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ തിരിച്ചടിയായി പാക് ഭീകരസംഘടനകൾ ഇന്ത്യയിൽ ആക്രമണം അഴിച്ചുവിട്ടേക്കുമെന്ന് ലോകരാജ്യങ്ങൾ ഭയക്കുന്നതായി അമേരിക്ക മുന്നറിയിപ്പ് നൽകി. ഭീകരാക്രമണ സാദ്ധ്യത കണക്കിലെടുത്ത് ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിലെ സൈനിക കേന്ദ്രങ്ങളിൽ സുരക്ഷ കർശനമാക്കി.
യു.എസ് പ്രതിരോധ വകുപ്പിന്റെ ഏഷ്യ പോളിസി വിഭാഗം തലവൻ റാൻഡൽ ഷ്രിവർ ആണ് മുന്നറിയിപ്പ് നൽകിയത്.
പാക് ഭീകരസംഘടനകൾ ഇന്ത്യയെ ലക്ഷ്യം വയ്‌ക്കുന്നുണ്ട്. എന്നാൽ അത്തരത്തിലുള്ള പാകിസ്ഥാന്റെ നീക്കങ്ങളെ ചൈന പിന്തുണയ്ക്കുമെന്ന് കരുതുന്നില്ല. കാശ്‌മീർ വിഷയത്തിൽ പാകിസ്ഥാന് ചൈന നൽകിയതു രാഷ്ട്രീയവും നയതന്ത്രപരവുമായ പിന്തുണയാണ്. കാശ്‌മീരിന്റെ പേരിൽ രക്തച്ചൊരിച്ചിലിനു ചൈന ആഗ്രഹിക്കുന്നില്ലെന്നാണു വിശ്വാസമെന്നും ഷ്രിവർ മാദ്ധ്യമങ്ങളോടു പറഞ്ഞു.
കാശ്‌മീരിൽ സംഘർഷം വിതയ്‌ക്കണമെന്നു ചൈന ആഗ്രഹിക്കുന്നില്ല. ഇത്തരം ആക്രമണങ്ങളെ ചൈന പിന്തുണയ്ക്കുമെന്നു വിശ്വസിക്കുന്നുമില്ല. ചൈന പല അന്താരാഷ്ട്ര വേദികളിലും പാകിസ്ഥാന് അനുകൂലമായി വിഷയത്തിൽ സംസാരിച്ചിട്ടുണ്ട്. ചൈനയുടെ പൂർണ പിന്തുണ അവകാശപ്പെട്ടു പാകിസ്ഥാൻ രംഗത്തെത്തിയെങ്കിലും ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതിയിൽ അന്താരാഷ്ട്ര പിന്തുണ നേടാൻ കഴിഞ്ഞില്ല. പാകിസ്ഥാനുമായി ചൈനയ്ക്കു ദീർഘകാലങ്ങളായുള്ള ബന്ധമാണ്. ചൈന ഇന്ത്യയുമായി പലകാര്യങ്ങളിലും മത്സര സ്വഭാവം പിന്തുടരുന്ന രാജ്യമാണ്- ഷ്രിവർ പറഞ്ഞു.
സുരക്ഷ ശക്തം
അമൃത്‌സർ, പത്താൻകോട്ട്, ശ്രീനഗർ, അവന്തിപുർ, ഹിൻഡൻ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലാണു സുരക്ഷ ശക്തമാക്കിയത്. പത്തോളം പേരുള്ള ചാവേർ സംഘം ഈ സ്ഥലങ്ങൾ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യ വ്യോമാക്രമണത്തിൽ തകർത്ത ബാലാക്കോട്ട് ഭീകരക്യാമ്പ് വീണ്ടും സജീവമായിട്ടുണ്ടെന്നു കരസേനാ മേധാവി ബിപിൻ റാവത്ത് വ്യക്തമാക്കിയതിനു പിന്നാലെയാണു ചാവേറാക്രമണത്തിനു സാദ്ധ്യതയെന്ന രഹസ്യവിവരം ലഭിച്ചത്.