തിരുവനന്തപുരം: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ വെബ്കാസ്റ്റിംഗ് ഉണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. 10 ശതമാനം ബൂത്തുകളിലാണ് വെബ് കാസ്റ്റിംഗ് നടത്തുക. സുതാര്യതയും വിശ്വസനീയതയും ഉറപ്പാക്കാനും, കള്ളവോട്ട് തടയാനും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടെടുപ്പിനെപ്പറ്റി ആരോപണം ഉന്നയിക്കുന്ന വ്യക്തിക്ക് ക്രമക്കേട് തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ, അയാൾക്കെതിരെ കേസെടുക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ആരോപണങ്ങളും മറ്റും ഉണ്ടായ പശ്ചാത്തലത്തിലാണ് തീരുമാനം.
അതോടൊപ്പം തിരുവനന്തപുരം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണന് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയത് ജാഗ്രത പാലിക്കാൻ വേണ്ടിയാണെന്നും, അദ്ദേഹത്തിന് ഗുരുതര വീഴ്ച പറ്റിയിട്ടില്ലെന്നും ടിക്കാറാം മീണ വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിലെ തിരഞ്ഞെടുപ്പു കാര്യങ്ങളില്‍ കളക്ടർ ഗുരുതരമായ അലംഭാവം കാട്ടുന്നുവെന്നും ,തുടര്‍ച്ചയായ വീഴ്ചകള്‍ക്കു കാരണം ബോധിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് കെ.ഗോപാലകൃഷ്ണനു തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാസർകോട്, കണ്ണൂർ മണ്ഡലങ്ങളിൽ വ്യാപകമായി കള്ളവോട്ട് നടന്നെന്നുള്ള ആരോപണങ്ങളുണ്ടായിരുന്നു. കൂടാതെ കള്ളവോട്ട് ചെയ്തുവെന്ന ആരോപണത്തെ സാധൂകരിക്കുന്ന രീതിയിലുള്ള വീഡിയോയും പുറത്തുവന്നിരുന്നു.