നോയ്ഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ പ്രശസ്ത നാടൻപാട്ടുകാരി വെടിയേറ്റ് മരിച്ചു. സുഷമ(25) ആണ് ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രി 8.30നായിരുന്നു സംഭവം. രണ്ട് ബൈക്കുകളിലായാണ് പ്രതികളെത്തിയത്. ഇത് രണ്ടാംതവണയാണ് സുഷമ ആക്രമിക്കപ്പെടുന്നതെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഇക്കഴിഞ്ഞ ആഗസ്റ്റ് 10ന് ബുലന്ദ്ശഹറിലെ മെഹ്സാന ഗ്രാമത്തിലെ പരിപാടിക്കിടെയായിരുന്നു ആദ്യ ആക്രമണം. ഈ സംഭവത്തിൽ കേസെടുത്തിരുന്നെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നില്ല. ഭർത്താവിൽ നിന്ന് വിവാഹ മോചനം നേടിയ സുഷമ ഇപ്പോൾ മറ്റൊരാളോടൊപ്പമാണ് താമസമെന്നും പൊലീസ് പറഞ്ഞു.