മുംബയ്: ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച വിധിക്ക് ശേഷം തനിക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ ഭീഷണിയുണ്ടായതായി ആ വിധി എഴുതിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വെളിപ്പെടുത്തി. മുംബയിൽ ഒരു ചടങ്ങിൽ സംസാരിക്കവേ ആണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.
ശബരിമല വിധിക്ക് ശേഷം, സമൂഹ മാദ്ധ്യമങ്ങളിലെ സന്ദേശങ്ങൾ വായിക്കരുത് എന്ന് തന്റെ ഒപ്പം പ്രവർത്തിക്കുന്ന ലാ ക്ലാർക്കുമാരും പരിശീലനാർത്ഥികളും തന്നോട് ആവശ്യപ്പെട്ടു. വിധിയുടെ പേരിൽ തനിക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ ഹീനമായ ഭീഷണിയും അധിക്ഷേപവും ഉണ്ടാകുന്നതായി അവർ അറിയിച്ചു. ഈ സന്ദേശങ്ങളിൽ പലതും ഭയപ്പെടുത്തുന്നവ ആയിരുന്നു. ജഡ്‌ജിമാരുടെ സുരക്ഷയെ പറ്റിയുള്ള ആശങ്ക കാരണം അവർ ഉറങ്ങുന്നില്ലെന്ന് പറഞ്ഞു. സമൂഹ മാദ്ധ്യമങ്ങളിൽ തനിക്ക് അക്കൗണ്ട് ഇല്ലെന്നും കുടുംബ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലെ സന്ദേശങ്ങൾ മാത്രമേ വരാറുള്ളൂ എന്നും അദ്ദേഹം പറഞ്ഞു..
ശബരിമല യുവതീ പ്രവേശന വിധിയിൽ താൻ ഉറച്ച് നിൽക്കുന്നു എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. ശബരിമലയിൽ സ്ത്രീകളെ അകറ്റിനിറു
ത്തുന്ന സമ്പ്രദായം തൊട്ടുകൂടായ്‌മയ്‌ക്ക് തുല്യവും സ്‌ത്രീകൾക്ക് ആരാധനാ സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനാ അവകാശങ്ങളുടെ ലംഘനവുമാണ്. എന്നാൽ ബാറിലെ അംഗങ്ങൾ എന്ന നിലയിൽ ജഡ്‌ജിമാർ എല്ലാ കാഴ്‌ചപ്പാടുകളും കണക്കിലെടുത്ത് സുചിന്തിതമായി വേണം തീരുമാനങ്ങൾ എടുക്കാൻ. അവിടെ ചിലപ്പോൾ വ്യക്തിപരമായ അഭിപ്രായങ്ങൾ മാറ്റിവയ്‌ക്കേണ്ടി വരും. ശബരിമല കേസിൽ തന്റെ സഹജഡ്‌ജിയായിരുന്ന ഇന്ദു മൽഹോത്ര വിയോജന വിധി എഴുതി. അതിന്റെ അർത്ഥം ഒരു എതിരഭിപ്രായം ഉണ്ടെന്നാണ്. അതിനെ ഞാൻ ബഹുമാനിക്കുന്നു. എന്നാൽ വനിതകളുടെ അവകാശങ്ങളോട് ഒരു വനിതയ്‌ക്ക് എങ്ങനെ വിയോജിക്കാൻ കഴിയും എന്ന് എന്റെ ലാ ക്ലാർക്കുമാർ എന്നോട് ചോദിച്ചു. സ്‌ത്രീകൾ ഒരു രീതിയിലും പുരുഷന്മാർ മറ്റൊരു രീതിയിലും ചിന്തിക്കണം എന്ന കാഴ്ചപ്പാട് തന്നെ എന്തിനാണ്? ജഡ്‌ജിമാർ പ്രൊഫഷണലുകളാണെന്നും ചന്ദ്രചൂഡ് പറഞ്ഞു.
ശബരിമല യുവതീ പ്രവേശന വിധിക്ക് എതിരായ പുനഃപരിശോധനാ ഹർജികളിൽ വിധി പ്രസ്താവിക്കാനിരിക്കെ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ഈ അഭിപ്രായങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ഭരണഘടനാ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ റോഹിന്റൺ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ യുവതീ പ്രവേശനത്തെ അനുകൂലിച്ചാണ് വിധി എഴുതിയത്. ഈ ഭൂരിപക്ഷ വിധിയോട് വിയോജിച്ച് ജസ്റ്റിസ് ഇന്ദു മൽഹോത്ര പ്രത്യേക വിധിയും എഴുതി.