edtors-pick-

ഈ ഭൂമിയുടെ നിലനിൽപ്പിനുതന്നെ കാരണമാകുന്ന പ്രകൃതി വിഭവങ്ങളായ മണ്ണും ജലവും സംരക്ഷിക്കുക എന്നുള്ളതാണ് ഓരോ മനുഷ്യന്റേയും പ്രാഥമികമായ കടമ. മനുഷ്യനൊഴിച്ച് മറ്റൊരു ജീവിയും പാരിസ്ഥിതികാഘാതത്തിന് കാരണമാകുന്നില്ല. ഇവിടെ മനുഷ്യൻ മാത്രമാണ് മണ്ണും വിണ്ണും ജലവും ചൂഷണം ചെയ്യുന്നത്. ഒരു വശത്ത് പ്രകൃതി സ്‌നേഹത്തിന്റെ മുതലക്കണ്ണീർ. മറുവശത്ത് പ്രകൃതിയെ ചുരന്ന് തിന്നുന്നതിനുള്ള പ്രവൃത്തികൾ. ഇത്തരത്തിലുള്ള ഇരട്ടമുഖവുമായി ഭൂമിയിൽ ജീവിക്കുന്ന മനുഷ്യർ മരുഭൂമി വൽക്കരണത്തിന്റെ കാരണക്കാരായി മാറുന്നു. വൻകിട ഫ്ളാറ്റ് നിർമ്മാണം നടത്തുന്ന ബിൽഡർമാർ മുതൽ 450 സ്ക്വയർഫീറ്റ് സർക്കാർ സഹായത്താൽ വീട് നിർമ്മിക്കുന്ന അതിദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ വരെ മരുഭൂമി വൽക്കരണത്തിന് കാരണമാകന്നു. അത് എല്ലാ രാജ്യത്തും എല്ലാ സംസ്ഥാനങ്ങളിലും എല്ലാ ജില്ലകളിലും അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ യഥാർത്ഥകണക്കെടുക്കുവാൻ ചെന്നാൽ ഓരോ വകുപ്പിൽ നിന്നും ലഭിക്കുന്നത് വ്യത്യസ്ഥമായ കണക്കുകളായിരിക്കും. ചുരുക്കത്തിൽ നിയമലംഘനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഇതിൽ നിന്നും ആർക്കും രക്ഷപ്പെടാനാവില്ല. ഇവിടെയാണ് ഇരയും വേട്ടക്കാരനും ഒന്നിക്കുന്നത്.


ഇപ്പോൾ മരട് ഫ്ളാറ്റ് പൊളിക്കൽ പ്രശ്നം അതിരൂക്ഷമാണല്ലോ.? അതിപ്പോൾ ബോംബ് വച്ച് തകർക്കണോ തീയിട്ട് നശിപ്പിക്കണമോ, ഉടലോടെ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തണമോ എന്നുള്ള ചർച്ചയാണ് നടക്കുന്നത്. അല്പം താമസിച്ചു എങ്കിലും ഇപ്പോൾ നടത്തുന്നത് ആഴത്തിലുള്ള പഠനങ്ങളാണ്. അതിന് ചെന്നൈ ഐ.ഐ.റ്റി , ബാഗ്ലൂർ ഐ.ഐ.റ്റി , പരിസ്ഥിതി ശാസ്ത്രജ്ഞർ, ഭൗമ നിരീക്ഷകർ, തുടങ്ങി എല്ലാവരും പഠനത്തിലാണ്. ഈ പഠനങ്ങൾ എല്ലാം നടത്തുന്നത് തീരദേശ നിയമം ലംഘിച്ച് നിർമ്മിച്ച മരട് ഫ്ളാറ്റ് പൊളിക്കാതിരിക്കുവാനാണെന്നാണ് സർവ്വകക്ഷിയോഗത്തിലെ ചർച്ചകളിൽ നിന്ന് മനസ്സിലാക്കേണ്ടത്. മരട് ഫ്ളാറ്റിൽ താമസിക്കുന്ന മുന്നൂറ്റമ്പതോളം വരുന്ന ഫ്ളാറ്റ് ഉടമകളെ സംരക്ഷിക്കുവാൻ സർക്കാർ വിളിച്ച സർവ്വകക്ഷിയോഗത്തിൽ ധാരണയായി. ഫ്ളാറ്റുകൾ പൊളിക്കാതെ താമസക്കാരെ സംരക്ഷിക്കുവാൻ പഠനറിപ്പോർട്ടുകൾ കോടതിയിൽ വേണ്ടതുപോലെ സമർപ്പിക്കുവാൻ പ്രമുഖ അഭിഭാഷകരെ ചുമതലപ്പെടുത്തി. ഇത്തരത്തിൽ ഒരു തീരുമാനമെടുക്കുവാൻ സർക്കാർ തയ്യാറായത് ചീഫ് സെക്രട്ടറി സർക്കാരിനു നൽകിയ ചില മുന്നറിയിപ്പുകളാണ്. കോടതി അലക്ഷ്യ കുറ്റത്തിന് ശിക്ഷവാങ്ങി മുഖ്യമന്ത്രി പ്രഖ്യാപിച്ച സർക്കാർ ഭക്ഷണം കഴിക്കാതിരിക്കുവാൻ വഴി തേടിയ ചീഫ് സെക്രട്ടറി ചില അപായ സൂചനകൾ നൽകി എന്നാണ് അറിയുന്നത്. സർവ്വകക്ഷി യോഗത്തിൽ 350 ഫ്ളാറ്റുകൾക്ക് സംരക്ഷണം നൽകാനാണ് ജന നേതാക്കൻമാർ കൂടിയതെന്ന് നാം ചിന്തിച്ചെങ്കിൽ തെറ്റ്. മരട് പൊളിച്ചാൽ സമാനമായ 1800 ലേറെ കെട്ടിടങ്ങൾ അറിഞ്ഞുകൊണ്ട് നിയമം ലംഘിച്ച് നിർമ്മിച്ചിട്ടുണ്ടെന്നും അവയെല്ലാം പൊളിക്കേണ്ടിവന്നാൽ അതുണ്ടാക്കുന്ന മാനസിക ആഘാതം പാരിസ്ഥിതിക ആഘാതത്തേക്കാൾ വലുതായിരിക്കും ഭരണാധികാരികൾക്കും അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനും. അതിനു നടത്തിയ പഠനത്തിൽ ചിലത് കൂടി നാം അറിഞ്ഞിരിക്കണം.


മരട് നഗരസഭാ അതിർത്തിയിൽ കഴിഞ്ഞ 12 വർഷത്തിനിടെ നികത്തിയത് തീരദേശ പരിപാലന നിയമ പരിധിയിൽ വരുന്ന 220 ഏക്കർ ഭൂമിയാണ്. ഏകദേശം 12.35 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്ത്രീർണ്ണമുള്ള മരടിൽ 2002 മുതൽ 2014 വരെയുള്ള കാലയളവിൽ മൊത്തം വിസ്തീർണ്ണത്തിന്റെ പന്ത്രണ്ടിൽ ഒരു ഭാഗം 12 വർഷം കൊണ്ട് നികത്തി. കണ്ടൽക്കാടുകളും കായലും ഭൗമനിരീക്ഷകരുടെ ഭാഷയിലുള്ള ഫിൽട്ടറേഷൻ പോണ്ടും ഇന്റർ ടൈഡൻ സോണും എല്ലാം ഇതിൽ ഉൾപ്പെടും. ഇതെല്ലാം മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ഇതാണ് സർവ്വകക്ഷിയോഗം വിളിക്കുവാൻ എല്ലാവരേയും പ്രേരിപ്പിച്ച ഘടകം. ഇവിടെ ചില അപ്രിയ സത്യങ്ങൾ തുറന്നു പറയാതിരിക്കുവാനാവില്ല. മരടിലെ ഫ്ളാറ്റ് ഉടമകളിൽ പലരേയും മനസ്സിലാക്കിയാൽ അവരിൽ കുറച്ചു പേർക്കെങ്കിലും അറിയാമായിരുന്നു തങ്ങൾ ഒരു നിയമലംഘനത്തിനാണ് കൂട്ട് നിൽക്കുന്നതെന്ന്. ഫ്ളാറ്റ് നിർമ്മാതാക്കൾ നൽകിയ ഉറപ്പും നേരത്തേ ഡി. എൽ. എസ്. ഫ്ളാറ്റ്കാർക്ക് കോടതി ഒരു പിഴശിക്ഷയാണല്ലോ നൽകിയത് എന്ന നിയമ ഉപദേശവും. പണാധിപത്യത്തിന്റേയും മാഫിയ കൂട്ടുകെട്ടിന്റേയും ബലത്തിൽ നിയമത്തിന്റെ ഏത് വലയും നിഷ്പ്രയാസം പൊളിക്കാം എന്നുള്ള ധാർഷ്ഠ്യത്തിന്റെ നെറുകയിലുള്ള കനത്ത് പ്രഹരമായിരുന്നു മരട് ഫ്ളാറ്റ് വിഷയത്തിൽ സുപ്രീം കോടതി വിധി.


എന്നാൽ ഇപ്പോൾ ഒരു വശത്ത് ഫ്ളാറ്റ് പൊളിക്കാതെ നിയമലംഘനത്തിന് സംരക്ഷണം നൽകുന്നതിന് സർവ്വകക്ഷിയോഗവും, അതേസമയം കോടതിയുടെ കണ്ണിൽ പൊടി ഇടുന്നതിന് പ്രാകൃതവും മനുഷ്യത്വരഹിതവുമായ തലത്തിൽ ഫ്ളാറ്റ് പൊളിക്കൽ നടപടിക്രമവും. ഫ്ളാറ്റിൽ താമസിക്കുന്നവർക്ക് വെള്ളവും വെളിച്ചവും മുട്ടിച്ച് അവരെ പുകച്ച് പുറത്തുചാടിക്കുന്നതിനുള്ള തീരുമാനമെടുത്തത് ഏത് കേന്ദ്രത്തിൽ നിന്നാണെങ്കിലും അത് തറവേലതന്നെയാണ്. അതിന് ഉത്തരവിട്ട ഉദ്യോഗസ്ഥർ ആരായാലും അവരുടെ മുഖം വികൃതമാണ്. ഇത്രയും വലിയ നിയമലംഘനങ്ങൾ നടക്കുമ്പോൾ അത് പരിശോധിക്കുവാനുള്ള ഉദ്യോഗസ്ഥ പ്രമുഖർ എവിടെയായിരുന്നു. തട്ടുകടയിലെ ചായയുടെ അളവ് പോലും പരിശോധിക്കുവാനുള്ള ഉദ്യോഗസ്ഥർ വരെയുള്ള ഈ നാട്ടിൽ ഈ കാണിക്കുന്നതെല്ലാം പൊറാട്ടുനാടകം മാത്രമാണ്. നഗരസഭയും സർക്കാരും പ്രതിപക്ഷവും എല്ലാം ഇപ്പോൾ എത്തിനിൽക്കുന്ന ഈ പ്രതിസന്ധിയ്ക്ക് ഒരു കാരണം കൂടി ഉണ്ടാകാം. നെട്ടൂർ പാടപ്പുരയിൽ മൂന്നര സെൻറിൽ ഒരു കൂര വെച്ച് താമസിച്ച ജോൺസണെ തീരദേശനിയമവും അറിയാവുന്ന മരട് നഗരസഭയിലെ ഉദ്യോഗസ്ഥർ ഒറ്റ ദിവസം കൊണ്ട് ഒരു ജെ. സി.ബി. ഉപയോഗിച്ച് അവന്റെ സ്വപ്നങ്ങളെയാണ് തകർത്തത്. ആ കുടുംബത്തിന്റെ കണ്ണീരിന് ഇത്രമേൽ ശക്തി ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല.


ഇവിടെ വേണ്ടത് നിയമത്തെ ദുർവ്യാഖ്യാനം ചെയ്ത് നീതിപീഠത്തെ കബളിപ്പിച്ച് നിയമലംഘകരെ സംരക്ഷിക്കുകയല്ല, മറിച്ച് നിയമത്തെ അറിഞ്ഞ് അത് അനുസരിച്ച് നീതി നടപ്പിലാക്കുവാൻ കോടതിയെ സഹായിച്ച് നീതി പീഠത്തിന് വിശ്വാസ്യതയും ഭരണഘടനയ്ക്ക് ശക്തിയും പകരണം. അതാണ് യാഥാർത്ഥ ഭരണാധികാരി അനുവർത്തിക്കേണ്ട നയം . അതിലൂടെ ഈ നിയമലംഘനത്തിനും അതുവഴി സർവ്വനാശത്തിനും കാരണമാകുന്ന നിർമ്മാണ പ്രവർത്തനത്തിന് പ്രത്യക്ഷമായും പരോക്ഷമായും അനുമതി നൽകിയ എല്ലാവരേയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് അവർ അർഹിക്കുന്ന ശിക്ഷ വാങ്ങി ജയിലിലടച്ച് സർക്കാർ ഭക്ഷണം കൊടുക്കണം. അവിടെയാണ് ജനാധിപത്യവും അതിലെ ചങ്കൂറ്റവും.