നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 മുതൽ 8 വരെ ഒരാഴ്ചയാണ് വന്യജീവി വാരമായി ആഘോഷിക്കുന്നത്. ലോകത്തിലെ ഓരോ ജീവിക്കും മനുഷ്യനെപ്പോലെ തന്നെ ജീവിക്കാൻ അർഹതയുണ്ടെന്ന് ഉദ്ഘോഷിക്കുകയും സഹിഷ്ണുതയുടെയും അഹിംസയുടെയും മഹത്വം ലോകത്തിന് കാണിച്ചു കൊടുക്കുകയും ചെയ്ത ഗാന്ധിജിയോടുള്ള ആദരവ് കൂടിയാണ് ഈ വാരാചരണം. ഓരോ ജീവജാലത്തിനും നമ്മുടെ ആവാസ വ്യവസ്ഥയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിൽ വ്യക്തമായ പങ്കുണ്ട്. അതിൽ ഒരു ജീവിവർഗത്തെയും മാറ്റി നിറുത്താനാവില്ല. അവയിൽ കുറെയെങ്കിലും ജീവിവർഗം നശിച്ചാൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ നശിക്കും. അത് സർവനാശത്തിലേക്ക് കൊണ്ടു ചെന്നെത്തിക്കും.
നമ്മുടെ പ്രകൃതിയുടെ തണലിൽ പരസ്പരം ഇഴപിരിഞ്ഞ് കിടക്കുന്ന വലിയ ഭക്ഷ്യശൃംഖലയിലെ കണ്ണികളായ ജീവികളെ ഓരോന്നിനെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ ദിനങ്ങൾ നമ്മളെ ഓർമ്മിപ്പിക്കുന്നത്. സംസ്ഥാനതല ആഘോഷങ്ങളുടെ ഉദ്ഘാടനം സൈലന്റ് വാലി നാഷണൽ പാർക്കിൽ നടന്നു. ഒക്ടോബർ 8 ന് സമാപന സമ്മേളനം സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വനം വകുപ്പ് ആസ്ഥാനത്തെ വനശ്രീ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. ഈ ആഘോഷക്കാലം നടത്തിയ മുഴുവൻ മത്സരയിനങ്ങളിലും സംസ്ഥാനതലത്തിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണവും സമാപന സമ്മേളനത്തോടൊപ്പം നടത്തും. ഈ ഒരാഴ്ചക്കാലം സംസ്ഥാനത്തെ ടൈഗർ റിസർവ്വുകളിലും വന്യജീവി സങ്കേതങ്ങളിലും നാഷണൽ പാർക്കുകളിലും പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാക്കിയിട്ടുണ്ട്. മൃഗശാലകളിലും സ്കുൾ, കോളേജ് വിദ്യാർത്ഥികൾക്ക് ഈ ഒരാഴ്ച പ്രവേശനം സൗജന്യമാണ്. വനം വകുപ്പ് നടത്തുന്ന മത്സരങ്ങളിൽ സംസ്ഥാനതല വിജയികൾക്ക് ഒക്ടോബർ 8 മുതൽ ഒരു വർഷത്തേക്ക് സംരക്ഷിത വനമേഖലകളിൽ സന്ദർശിക്കുന്നതിന് പ്രവേശന ഫീസ് ഒഴിവാക്കി നൽകുന്നതാണ്.
വന്യജീവികൾ എന്നാൽ സാധാരണയായി ഇണക്കി വളർത്തുന്ന ജീവികളൊഴികെ കാട്ടിലും നാട്ടിലുമായി വസിക്കുന്ന മറ്റെല്ലാ ജീവികളെയുമാണുദ്ദേശിക്കുന്നത് എന്ന സത്യം പലരും മനസിലാക്കിയിട്ടില്ല. 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ വന്യമൃഗം എന്നതിന് വ്യക്തമായ പട്ടിക ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പട്ടികയിൽ പെടാത്തതും നാം വളർത്തുന്നവ അല്ലാത്തതുമായ പൂമ്പാറ്റയും പഴുതാരയുമെല്ലാം വന്യമൃഗങ്ങൾ അല്ലെങ്കിലും വന്യജീവികൾ തന്നെയാണ് എന്നാണ് നിയമത്തിൽ വ്യാഖ്യാനിച്ചിട്ടുള്ളത്.ഈ ഭൂമി മനുഷ്യന് മാത്രമുള്ളതല്ല. വന്യജീവികൾ ഉൾപ്പെടെയുള്ള ചെറുതും വലുതുമായ ദൃശ്യവും അദൃശ്യവുമായ എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണെന്ന് തിരിച്ചറിയുന്നതിനും സഹജീവികളോട് സ്നേഹവും കരുണയും കാണിക്കുന്നതിനും അവയുടെ സംരക്ഷണത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്യുക എന്നതാണ് ഈ വാരാചരണത്തിന്റെ ലക്ഷ്യം. വന്യജീവികളെ സംരക്ഷിക്കുന്നതിന് വനം സംരക്ഷിക്കണം. വനം സംരക്ഷിക്കുന്നത് കേവലം വന്യജീവികൾക്ക് വേണ്ടി മാത്രമല്ല. അത് നമ്മുടെ നിലനിൽപ്പിന് വേണ്ടിയാണെന്ന തിരിച്ചറിവ് എല്ലാവരിലും ഉണ്ടാകേണ്ടതുണ്ട്.
അന്തരീക്ഷ താപനത്തിന് ഇടയാക്കുന്ന കാർബൺ ഡൈ ഓക്സൈഡ് സ്വീകരിച്ച് മനുഷ്യനും ജീവജാലങ്ങൾക്കും വേണ്ട പ്രാണവായു നമുക്ക് സൗജന്യമായി സമ്മാനിക്കുന്ന കാടിനെയും മരങ്ങളെയും അവ ചെയ്യുന്ന സേവനങ്ങളെയും കുറിച്ച് നാം കൂടുതൽ ബോധവാന്മാരാകേണ്ടതുണ്ട്. നമ്മുടെ പ്രാണവായുവിന് പകരം വയ്ക്കാനോ മരങ്ങൾ നൽകുന്ന അത്രയും അളവിൽ ഓക്സിജൻ ഉത്പ്പാദിപ്പിക്കാനോ നമുക്ക് കൃത്രിമ മാർഗങ്ങളിലൂടെ സാധിക്കുകയില്ല. ശുദ്ധ വായുവിന് പുറമെ ശുദ്ധജലത്തിനും മരുന്നുകൾക്കും മണ്ണൊലിപ്പ് തടയുന്നതിനും കൃഷി ആവശ്യത്തിനും മറ്റുമായി ജലം വർഷം മുഴുവൻ നൽകുന്നതിനും തുടങ്ങി മനുഷ്യന്റെ നിലനിൽപ്പ് തന്നെ കാടിനെ ആശ്രയിച്ചാണ്. ഭൂമിയിൽ 300 ലക്ഷം ജീവജാലങ്ങൾ ഉണ്ടെന്ന് കണക്കാക്കുന്നു. അവയിൽ 17 ലക്ഷം ജീവികളെ മാത്രമേ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളൂ.
അവയിൽ പതിനേഴായിരത്തിലധികം ജീവിവർഗങ്ങൾ ഇപ്പോഴും കടുത്ത വംശനാശ ഭീഷണിയിലാണ്. ജനപ്പെരുപ്പവും വ്യാവസായിക വളർച്ചയും കാലാവസ്ഥാ വ്യതിയാനവും നമ്മുടെ പരിസ്ഥിതിയുടെ താളം തെറ്റിച്ചു. മനുഷ്യരാശിയുടെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയ്ക്ക് നിർണായകമായ പങ്ക് വഹിക്കുന്ന ജൈവവിഭവങ്ങൾ നശിപ്പിക്കപ്പെടാൻ പാടില്ല. ഇപ്പോഴുള്ളതും വരുവാനുള്ളതുമായ തലമുറയ്ക്ക് ആഗോളതലത്തിലുള്ള ബൃഹത്തായ മൂല്യമാണ് ജൈവവൈവിധ്യം എന്ന തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്. ജീവജാലങ്ങൾക്കും ആവാസവ്യവസ്ഥയ്ക്കുമുള്ള ഭീഷണി ഇപ്പോഴുള്ളതു പോലെ മറ്റൊരിക്കലും ഉണ്ടായിട്ടില്ല. മനുഷ്യരുടെ പ്രവൃത്തികൾ കാരണം വിവിധ ജീവി വിഭാഗങ്ങളുടെ വംശനാശം ഭയാനകമായ തോതിൽ തുടർന്നുകൊണ്ടിരിക്കുന്നു. നാശത്തിന്റെ തുടക്കം വന്യജീവികളിലാണെന്നത് നമുക്കുള്ള മുന്നറിയിപ്പായി നാം തിരിച്ചറിയണം.