imran-khan-

ന്യൂഡൽഹി : നവാസ് ഷെരീഫിന്റെ ഭരണകാലത്തെ നട്ടെല്ല് തകർന്ന പാക് സമ്പദ് വ്യവസ്ഥയെ അധികാരത്തിലേറിയാൽ ഉടൻ മെച്ചപ്പെടുത്തി പാകിസ്ഥാനെ പഴയകാല പ്രൗഢിയിലേക്ക് എത്തിക്കുമെന്ന വാഗ്ദാനം നൽകിയാണ് ഇമ്രാൻ ഖാൻ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ 2018 ആഗസ്റ്റിൽ അധികാരമേറ്റ് വർഷമൊന്നായിട്ടും പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥ മുൻ വർഷത്തേക്കാൾ താഴേക്ക് പതിക്കുന്ന കാഴ്ചയാണ് കാണാനായത്. സൈനിക മേധാവികളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ഇമ്രാന് പക്ഷേ പ്രതിപക്ഷത്തിന്റെ ചോദ്യശരങ്ങളെ നേരിടാൻ കാശ്മീർ വിഷയം മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. ഇന്ത്യയ്‌ക്കെതിരെ പൊതുജനത്തിന്റെ ദേശീയത ഊതിക്കത്തിച്ച് നാട്ടിലെ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കുവാനുള്ള ഇമ്രാൻ ഖാന്റെ ശ്രമങ്ങൾ ചില മാദ്ധ്യമങ്ങളെങ്കിലും തുറന്നു കാട്ടുന്നുണ്ട്.

നട്ടെല്ല് തകർന്ന പാക് സമ്പദ് വ്യവസ്ഥയെ അറിയാം

പാകിസ്ഥാന്റെ സാമ്പത്തിക വളർച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 3.3 ശതമാനമായിരുന്നു. 2018 ൽ ഇത് 5.5 ശതമാനമായിരുന്നു എന്ന് ഓർക്കേണ്ടതുണ്ട്. അടുത്ത വർഷത്തെ സാമ്പത്തിക വളർച്ച കേവലം 2.4 ശതമാനം മാത്രമായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

പാക് കറൻസിയായ പാകിസ്ഥാനി റുപ്പിയും വൻ തളർച്ചയാണ് നേരിടുന്നത്. ഡോളറിനെതിരെ കറൻസിയുടെ മൂല്യശോഷണത്തിൽ വൻ വർദ്ധനവാണ് ഈ സാമ്പത്തിക വർഷത്തിലുണ്ടായത്.

ഇതുവരെയില്ലാത്ത പണപ്പെരുപ്പ നിരക്കും പാകിസ്ഥാനെ വരിഞ്ഞുമുറുക്കുന്നുണ്ട്. പതിമൂന്ന് ശതമാനമാണ് പണപ്പെരുപ്പനിരക്ക്.

ഇതിനൊക്കെ പുറമേ പാകിസ്ഥാൻ ഇപ്പോൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം വൻ കടബാധ്യതയാണ്. ചൈനയുടെയും സൗദിയുടെ കൈയ്യയച്ചുള്ള സഹായത്തോടെയാണ് പാകിസ്ഥാൻ ഇപ്പോൾ കഴിയുന്നത്. രണ്ട് മാസം മുൻപും ലോകബാങ്കിൽ നിന്നും ആറ് ബില്യൺ ഡോളർ പാകിസ്ഥാൻ കടമെടുത്തിരുന്നു. പലപ്പോഴും കടമെടുത്ത് മുൻപെടുത്ത കടത്തിന്റെ ബാധ്യത തീർക്കേണ്ട അവസ്ഥയിലാണ് പാകിസ്ഥാൻ എത്തിനിൽക്കുന്നത്. ഇതോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭീമമായ നഷ്ടവും ഭരണകൂടത്തെ വിഷമിപ്പിക്കുന്നുണ്ട്.

imran-khan-

പാകിസ്ഥാനിലെ കേവലം ഒരു ശതമാനത്തിൽ താഴെയുള്ളവർ മാത്രമാണ് ആദായ നികുതി നൽകേണ്ടി വരുന്നത്. അധികാരത്തിലേറിയാൽ നികുതി വെട്ടിക്കുന്നവരെയും കള്ളപ്പണക്കാരെയും നിലയ്ക്ക് നിർത്തുമെന്ന് വാഗ്ദാനം നൽകിയെങ്കിലും അവർക്കെതിരെ ഒരു ചെറുവിരൽ ഉയർത്തുവാൻ പോലും ഇതുവരെയായിട്ടില്ല.

ഭീമമായ തുക സൈനിക ആവശ്യങ്ങൾക്കായി ചെലവഴിക്കുന്ന രാഷ്ട്രമാണ് പാകിസ്ഥാൻ. അഴിമതിക്കൊതിയൻമാരായി സൈനിക നേതൃത്വത്തെ പിണക്കാനാവാത്തതിനാൽ ഇമ്രാൻ ഖാന് സൈനിക ബഡ്ജറ്റിൽ കൈകടത്താനുമാവില്ല. ഇതുകൂടാതെ രാജ്യത്തെ തന്ത്രപ്രധാനമായ ഉത്പാദന മേഖലകളും സൈനിക നിയന്ത്രണത്തിലാണ്. ബാങ്കിംഗ്, സിമന്റ്,ഖനി തുടങ്ങി 100 ബില്യൺ ഡോളറിന്റെ സാമ്രാജ്യം സൈനിക നിയന്ത്രണത്തിലാണ്.

രാജ്യത്തെ എല്ലാപ്രശ്നങ്ങളും വളരെ പെട്ടെന്ന് തീർത്ത് സ്വർഗം പണിയുവാനായി അധികാരത്തിലേറിയ പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് കാര്യങ്ങൾ അത്രകണ്ട് പന്തിയല്ലെന്നുള്ള ബോദ്ധ്യത്തിൽ കഴിയവെയാണ് കാശ്മീരിൽ നടപടികളുമായി ഇന്ത്യ എത്തിയത്. ഇതു തന്നെ സുവർണാവസരമെന്ന് കണ്ട് പ്രതിസന്ധികൾക്കു മേൽ ദേശീയതയെ പ്രതിഷ്ഠിക്കുന്ന പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ നടപടികൾ എത്രനാൾ നീണ്ടു നിൽക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.