തിരുവനന്തപുരം: ചുട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ ചൊല്ല്. കഴിഞ്ഞ കുറച്ച് നാളുകളായി നഗരത്തെ വിറപ്പിച്ച മോഷണ പരമ്പരകളിൽ രണ്ട് ദിവസം മുമ്പ് പൊലീസ് പിടിയിലായ മൂന്നംഗ സംഘത്തിന്റെ കാര്യത്തിൽ ഇത് ശരിക്കും യാഥാർത്ഥ്യമായി. കുട്ടിക്കാലത്തേ വീട്ടിലും പരിസരത്തും ചില്ലറ മോഷണങ്ങളൊക്കെ നടത്തി പിടിക്കപ്പെട്ടെങ്കിലും ശംഖുംമുഖം പുതുവൽ പുത്തൻ വീട്ടിൽ റാമ്പോയെന്ന രാജേഷ് (35), കണ്ണാന്തുറ പോളിഹൗസിൽ ജിതിൻ (ബോംബ് ജിതിൻ- 24) കണ്ണാന്തുറ സ്വദേശിയും ഇവരുടെ കൂട്ടാളിയുമായി സഞ്ജുവെന്ന സജു (26) എന്നിവരുടെ ശിഷ്ട ജീവിതത്തിലും മാറ്റം തെല്ലുമുണ്ടായില്ല. മോഷണം തൊഴിലാക്കി മാറ്റിയ സംഘം കഴിഞ്ഞ ദിവസം കവർച്ചാ ശ്രമത്തിനിടെയാണ് പൊലീസിന്റെ വലയിലായത്.
ബാങ്ക് കവർച്ചാ കേസിൽ രണ്ട് ദിവസം മുമ്പ് സഞ്ജുവെന്ന സജുവാണ് ആദ്യം പൊലീസിന്റെ പിടിയിലായത്. സജു പിടിയിലായതിനാൽ പൊലീസ്, കൂട്ടാളികളായ തങ്ങളെയും തേടി വരുമെന്ന ഭയമോ ശങ്കയോ കൂടാതെയായിരുന്നു ഇവരുടെ ഓപ്പറേഷൻ. റിതിക് എന്ന ആട്ടോയിൽ സവാരി പോകുംപോലെയാണ് കവർച്ചയ്ക്കായി ഇവരുടെ സഞ്ചാരം. അസമയത്തുൾപ്പെടെ പൊലീസിന്റെ കൺമുന്നിൽ കൂടി പോയാലും ഇവരെ ആരും സംശയിക്കില്ല. മാറിയും തിരിഞ്ഞും വണ്ടി ഓടിക്കുന്ന സംഘം യാത്രക്കാരെപ്പോലെ കൂളായി സഞ്ചരിക്കും.
സന്ധ്യാ സമയത്ത് കറങ്ങി ആളില്ലാതെ അടച്ചിട്ടിരിക്കുന്ന വീടുകൾ നോക്കിവയ്ക്കും. പരിസരവാസികൾ ഉറക്കമായി കഴിയുമ്പോൾ ആട്ടോയിലെത്തി വീടിന്റെ പൂട്ട് പൊളിച്ച് കൈയിൽ കിട്ടുന്നതെന്തും കവർന്ന് മടങ്ങും. ഇത്തരത്തിൽ കഴിഞ്ഞ കുറേ ആഴ്ചകളായി നഗരത്തിലെ വീടുകളിലും സ്കൂളുകളിലും സ്ഥാപനങ്ങളിലും കവർച്ച നടത്തിവന്ന ഇവർ പൊലീസിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു. പിടിയിലാകാതെ പലഘട്ടങ്ങളിലായി വഴുതിപ്പോയി. അഞ്ചുദിവസം മുമ്പ് വഞ്ചിയൂർ സ്റ്റേഷൻ പരിധിയിലെ ഒരു സഹകരണ സംഘത്തിൽ കവർച്ചയ്ക്കിടെ സംഘത്തിൽപ്പെട്ട സജുവാണ് ആദ്യം പിടിയിലായത്. സജുവിൽ നിന്ന് സംഘത്തെപ്പറ്റിയുള്ള വിവരങ്ങൾ ലഭിച്ച പൊലീസ് ഇരെ പിടികൂടാനുള്ള വലവിരിച്ച് കാത്തിരിക്കുമ്പോഴാണ് പോങ്ങുംമൂട് സ്കൂളിൽ കവർച്ചയ്ക്കെത്തിയ സംഘം കുടുങ്ങിയത്.
രാത്രിയിൽ ആട്ടോയിൽ വന്നവർ സ്കൂളിന്റെ മതിൽ ചാടി കടക്കുന്നത് കണ്ടതായി അതുവഴി വന്ന മറ്രൊരു യാത്രക്കാരൻ കൺട്രോൾ റൂമിൽ അറിയിച്ചു. ആട്ടോയുടെ പേര് റിതിക്കാണെന്ന് ഉറപ്പിച്ച പൊലീസ് സംഘത്തിന് തേടിയ വള്ളി കാലിൽ ചുറ്റിയത് പോലെയായി. നിമിഷങ്ങൾക്കകം കൺട്രോൾ റൂമിലെയും സമീപത്തെ മറ്ര് പൊലീസ് സ്റ്റേഷനുകളിലെയും വാഹനങ്ങൾ പോങ്ങുംമൂട്ടിൽ പാഞ്ഞെത്തി. നിമിഷങ്ങൾക്കകം സ്കൂൾ വളഞ്ഞെങ്കിലും ഇതിനിടെ സ്കൂൾ പരിസരത്തെ ആട്ടോയ്ക്ക് സമീപത്തേക്കെത്തിയ സംഘാംഗമായ അനൂപ് ഓടി രക്ഷപ്പെട്ടു. ആട്ടോയിൽ കട്ടറും മോട്ടോറുകളും കണ്ടെത്തി. സ്കൂളിനുള്ളിൽ അലമാരകൾ തകർത്ത് പണവും മറ്ര് സാധനങ്ങളും അപഹരിക്കാൻ ശ്രമം നടത്തിക്കൊണ്ടിരുന്ന മോഷ്ടാക്കൾ പുറത്തെ പൊലീസിന്റെ സാന്നിദ്ധ്യം മനസിലാക്കി പുറത്തേക്ക് ഓടി. പൊലീസും പിന്നാലെ കുതിച്ചു. മതിലും വേലികളും ചാടി കടന്ന മോഷ്ടാക്കളെ പലവഴിക്കായി മൊബൈൽ ലൈറ്റുകളും ടോർച്ചുമായി പൊലീസും പിന്തുടർന്നു.
പോങ്ങുംമൂട്ടിലെയും കാരുണ്യാനഗറിലെയും രണ്ട് വീടുകളുടെ പരിസരങ്ങളിൽവച്ച് ഇരുവരെയും പൊക്കി. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തി വിശദമായി ചോദ്യം ചെയ്തപ്പോൾ കഴിഞ്ഞ കുറേ മാസങ്ങളായി നഗരത്തിൽ നടന്ന ചെറുതും വലുതുമായ ഡസൻ കണക്കിന് മോഷണങ്ങളാണ് ചുരുളഴിഞ്ഞത്. മോഷണവസ്തുക്കൾ വിറ്റഴിക്കാൻ ജയിൽപുള്ളികളുടെ സഹായമാണ് ഇവർ തേടിയിരുന്നത്. കവർച്ചാ മുതലുകൾ വിറ്റഴിച്ച് കിട്ടുന്ന പണം ആർഭാട ജീവിതത്തിനും കഞ്ചാവുൾപ്പെടെയുളള ലഹരി വസ്തുക്കൾ ആസ്വദിക്കാനുമാണ് ചെലവഴിക്കുന്നത്. പൊലീസിനെ വെട്ടിച്ച് കടന്ന അനൂപിനെയും സംഘാംഗമായ ബാലനഗർ സ്വദേശി ജിതിനെയും പിടികൂടാനും പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. പിടികൂടിയ ആട്ടോയുടെ നമ്പർ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇതും മോഷ്ടിച്ചതാണോയെന്ന് സംശയമുണ്ട്.