താരങ്ങളും മോഡലുകളും അഭിരമിക്കുന്ന സൗന്ദര്യത്തിന്റെയും ഗ്ളാമറിന്റെയും ലോകം തങ്ങൾക്ക് ഒന്ന് എത്തിനോക്കാൻ പറ്റാത്ത അത്രയും ദൂരത്താണെന്ന് കരുതുന്നവനാണ് മലയാളി. പളപളപ്പുള്ള വസ്ത്രങ്ങൾ അണിഞ്ഞ് അതിശയിപ്പിക്കുന്ന മുഖസൗന്ദര്യത്തോടെ ക്യാമറയ്ക്കും പ്രേക്ഷകർക്കും മുന്നിലേക്ക് അചഞ്ചലമായ ആത്മവിശ്വാസത്തോടെ കടന്നുവരുന്ന ഇവരെയോർത്ത് നമ്മൾ അൽപ്പമൊക്കെയൊന്ന് അസൂയപ്പെടാറുണ്ടെന്നുള്ളതും വാസ്തവമാണ്. അസൂയ ഉള്ളിലടക്കി 'ഇതൊന്നും നമ്മുക്ക് പറഞ്ഞിട്ടുള്ളതല്ല' എന്ന് നമ്മൾ നെടുവീർപ്പിടാറുമുണ്ട്. എന്നാൽ ഈ ധാരണ പൂർണമായും തെറ്റാണെന്ന് പറയുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ജസീന കടവിൽ. സൗന്ദര്യം എന്നത് താരങ്ങൾക്കും മോഡലുകൾക്കും മാത്രം സ്വന്തമല്ല എന്ന് കാണിച്ചുകൊണ്ട് അപകർഷത കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി പേരെയാണ് ആത്മവിശ്വാസത്തിന്റെ ലോകത്തേക്ക് ജസീന കൈപിടിച്ചുയർത്തിയത്. ജസീന പറയുന്നത് കേൾക്കാം.
വെളുപ്പിക്കുന്നതല്ല മേക്കപ്പ്
തന്റെ പുത്തൻ മേക്കപ്പ് രീതിയിലൂടെ മേക്കപ്പിനെക്കുറിച്ചുള്ള പഴഞ്ചൻ ധാരണകളെല്ലാം പൊളിച്ചെഴുതിയ ആളാണ് ജസീന. മേക്കപ്പ് എന്നാൽ പൗഡറിട്ട് മുഖം വെളുപ്പിക്കുന്നതല്ല എന്ന് ജസീന വ്യക്തമാകുന്നു. അതുകൊണ്ടുതന്നെ ഇന്നുവരെ ആരെയും വെളുപ്പിച്ച് കാട്ടാനും ജസീന ശ്രമിച്ചിട്ടില്ല. ഓരോ സ്ത്രീക്കും പുരുഷനും അവരുടേതായ സൗന്ദര്യം ഉണ്ടെന്നും അത് തിരിച്ചറിയാതെ പോകുന്നതാണ് യഥാർത്ഥ പരാജയമെന്നാണ് ജസീനയുടെ അഭിപ്രായം. താൻ മേക്കപ്പ് ചെയ്യാൻ പോകുന്ന ഓരോ ആളിലും ഒളിഞ്ഞിരിക്കുന്ന പോസീറ്റിവായ ഘടകങ്ങൾ തിരഞ്ഞ് കണ്ടെത്തീ അത് ഹൈലൈറ്റ് ചെയ്യുകയാണ് ജസീന ചെയ്യുന്നത്. ബ്രൈഡൽ മേക്കപ്പ് ചെയ്യുമ്പോഴും ഇതേ ഘടകങ്ങൾക്ക് തന്നെയാണ് ജസീന പ്രാധാന്യം നൽകുന്നത്. പലപ്പോഴും ഒരു പെൺകുട്ടി അവളുടെ വിവാഹദിവസമായിരിക്കും ആദ്യമായി മേക്കപ്പ് അണിയുക. അവളിലുള്ള പോസിറ്റീവായ ഘടകങ്ങളെ പൊലിപ്പിച്ചുകൊണ്ട് ചെയ്യുന്ന മേക്കപ്പ് കണ്ട് അവളുടെ മുഖത്ത് ഒരു ചിരി വിരിയണം. അത് കാണുമ്പോൾ സന്തോഷവുമാണ്. ജസീന പറയുന്നു.
വിവാഹം കഴിയുമ്പോൾ സൗന്ദര്യം മറക്കുന്ന സ്ത്രീകൾ
'വിവാഹം കഴിഞ്ഞ സ്ത്രീകൾ സൗന്ദര്യത്തിന്റെ കാര്യത്തിൽ പിന്നീട് അധികം ശ്രദ്ധിക്കാറില്ല. കുടുംബത്തിന്റെ കാര്യങ്ങളാണ് അവർ കൂടുതൽ ശ്രദ്ധിക്കുക.' ജസീനയുടെ ഈ വാക്കുകൾ സത്യമാണ്. വിവാഹത്തിന് മുൻപ് അഴകിനും വസ്ത്രധാരണത്തിനും വലിയ പ്രാധാന്യം നൽകിയിരുന്ന പല സ്ത്രീകളും വിവാഹശേഷം അക്കാര്യം മറക്കുകയാണ് ചെയ്യുക.ഭർത്താവിന്റെയും കുട്ടികളുടെയും കാര്യത്തിന് പ്രാധാന്യം നൽകുന്ന ഇവർ മറ്റുള്ളവരുടെ മുന്നിൽ താൻ എങ്ങനെയാണ് കാണപ്പെടുക എന്ന് പലപ്പോഴും ഓർക്കാറുമില്ല. എന്നാൽ സ്വശരീരം മറ്റുള്ളവർ എങ്ങനെയാണ് കാണുന്നത് എന്നതിനെ കുറിച്ച് ആകുലപ്പെടുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. അങ്ങനെയുള്ളവർക്കും ജസീന രക്ഷകയായി എത്തും. തടി കുറയ്ക്കാൻ ഉപദേശിക്കുകയോ മറ്റോ ചെയ്യാതെ മേക്കപ്പിലൂടെ ഇവരുടെ മുഖത്ത് മാറ്റങ്ങൾ വരുത്തി അവരുടെ ആത്മവിശ്വാസത്തിന് വളമേകുകുകയാണ് ജസീന ചെയ്യുക. ഉത്തരേന്ത്യൻ സ്ത്രീകൾ പലപ്പോഴും തങ്ങളുടെ ശരീര സൗന്ദര്യത്തിന്റെ കാര്യത്തിൽ ബോധവതികളാകുമ്പോൾ കേരളത്തിലുള്ളവർ മിക്കവരും അതിനോട് മുഖം തിരിച്ച് നിൽക്കുകയാണെന്നും ജസീന ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും
ജസീനയുടെ കരവിരുത് കൊണ്ട് സ്ത്രീകളുടെ സൗന്ദര്യം മാത്രമല്ല വർദ്ധിച്ചിട്ടുള്ളത്. പുരുഷന്മാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഈ മേക്കപ്പ് കലാകാരി മുന്നിട്ടിറങ്ങാറുണ്ട്. സിനിമാ നടനും ഗായകനുമായ അരിസ്റ്റോ സുരേഷിനെ ഒരു മാസികയുടെ ഫോട്ടോഷൂട്ടിനായി മേക്കോവർ ചെയ്തതോടെയാണ് പുരുഷന്മാരും തങ്ങളെ മേക്കോവർ ചെയ്യണമെന്ന ആവശ്യവുമായി ജസീനയെ സമീപിച്ച് തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട ഒരു സംഭവവും ആർടിസ്റ്റിന്റെ ഓർമയിലുണ്ട്. ജസീനയുടെ എറണാകുളം കലൂരുള്ള വീടിനടുത്ത് ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന ഒരാളുടെ ഭാര്യ തന്റെ ഭർത്താവ് അപകർഷതാബോധം കാരണം പൊതുചടങ്ങുകളിലും കല്യാണങ്ങളിലും മറ്റും പങ്കെടുക്കുന്നില്ലെന്ന് വിഷമിച്ചുകൊണ്ട് തന്നെ സമീപിച്ച കാര്യമാണ് ജസീന ഓർത്തെടുക്കുന്നത്. തുടർന്ന് ജസീന ഇദ്ദേഹത്തെ മേക്കോവർ ചെയ്യുകയും ഒടുവിൽ പുള്ളിക്കാരന്റെ പുതിയ രൂപം കണ്ട് ഒരു കണ്ണടകടയുടെ നടത്തിപ്പുകാർ തങ്ങളുടെ പരസ്യത്തിന്റെ മോഡലാകാൻ ഇദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. അത് മാത്രമല്ല, മേക്കപ്പിലൂടെ തന്റെ ആത്മവിശ്വാസവും ആൾക്കാരെ അഭിമുഖീകരിക്കാനുമുള്ള കഴിവും വർദ്ധിപ്പിച്ച ഇയാൾ പിന്നീട് പൊതുചടങ്ങുകളിൽ പങ്കെടുക്കാൻ ഒരു മടിയും കാട്ടിയതുമില്ല.
സൗന്ദര്യം ജനകീയമാക്കാനുള്ള ശ്രമം
സിനിമാതാരങ്ങൾക്കും മോഡലുകൾക്കും മാത്രമല്ല സാധാരണക്കാർക്കും മേക്കപ്പ് ചെയ്ത് മേക്കോവർ വരുത്താൻ ഒരു ബുദ്ധിമുട്ടുമില്ലെന്ന തന്റെ സന്ദേശം കൂടുതൽ പേരിലെത്തിക്കാൻ സോഷ്യൽ മീഡിയയെ കാര്യമായി ഉപയോഗപ്പെടുത്തുന്നുണ്ട് ഈ കലാകാരി. നിരവധി താരങ്ങളെ മേക്കപ്പ് ചെയ്ത് ആ മേഖലയിൽ പേരെടുത്ത ജസീന ഒരു യൂട്യൂബർ കൂടിയാണ്. 'ഞാൻ കൊച്ചിക്കാരി' എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ നിരവധി മേക്കപ്പ് ടിപ്‌സ് ജസീന തന്റെ വ്യൂവേഴ്‌സിന് നൽകാറുണ്ട്. ജസീനയുടെ യൂട്യൂബ് ചാനലിനും സോഷ്യൽ മീഡിയയിലൂടെയുള്ള ഇടപെടലുകൾക്കും മികച്ച പ്രതികരണവും ലഭിക്കുന്നുണ്ട്. പ്രധാനമായും പെൺകുട്ടികൾ, വീട്ടമ്മമാർ, പുരുഷന്മാർ എന്നിവരിലേക്ക് തന്റെ ജീവിതവും സന്ദേശവും എത്തണമെന്നാണ് ജസീന ആഗ്രഹിക്കുന്നത്. ഇതിനായി 'ലെറ്റ്സ് ഡു മേക്കോവർ ആൻഡ് ലവ് യുവർസെൽഫ്' എന്ന സംരംഭത്തിനും ജസീന തുടക്കം കുറിച്ചിട്ടുണ്ട്.
1983, ദൃശ്യം, റിംഗ്മാസ്റ്റർ, മെമ്മറീസ്, ഇടുക്കി ഗോൾഡ്, ലൈഫ് ഒഫ് ജോസൂട്ടി, വർഷം തുടങ്ങിയവയാണ് ജസീന മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിച്ച ചിത്രങ്ങൾ. എന്നിരുന്നാലും, കലൂർ ദേശാഭിമാനിയിൽ മേക്കപ്പ് സ്റ്റുഡിയോ നടത്തുന്ന ജസീന കടവിൽ തന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതേ ഉള്ളൂ. ഇനിയും സമൂഹത്തിനായി ഏറെ കാര്യങ്ങൾ ഈ കലാകാരിക്ക് ചെയ്തു തീർക്കാനുണ്ട്.