newyork-times-

ന്യൂയോർക്ക്: ഗാന്ധിജി ലോകമെമ്പാടുമുള്ള ജനലക്ഷങ്ങൾക്ക് ധൈര്യം പകരുന്ന മഹാഗുരുവും മാർഗദീപവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകീർത്തിച്ചു.

മഹാത്മാഗാന്ധിയുടെ 150-ാം ജയന്തിയോടനുബന്ധിച്ച് പ്രമുഖ അമേരിക്കൻ പത്രമായ ന്യൂയോർക്ക് ടൈംസിൽ മോദി എഴുതിയ ലേഖനത്തിലാണ് ഗാന്ധിജിയുടെ സംഭാവനകൾ അനുസ്‌മരിക്കുന്നത്. 'ഇന്ത്യയ്‌ക്കും ലോകത്തിനും ഗാന്ധിജിയെ എന്തുകൊണ്ട് വേണം' എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ ഗാന്ധിജിയുടെ ദർശനങ്ങൾ പ്രചരിപ്പിക്കാൻ ഐൻസ്റ്റീൻ ചലഞ്ചും മോദി മുന്നോട്ട് വച്ചു.

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിനെയും നെൽസൺ മണ്ടേലയെയും പോലുള്ള മഹാനേതാക്കൾക്ക് പ്രചോദനം പകർന്ന സമാധാന ദൂതനാണ് ഗാന്ധിജിയെന്ന് മോദി ചൂണ്ടിക്കാട്ടി. ഡോ. കിംഗിനെ ഇന്ത്യയിലേക്ക് ആകർഷിച്ച മാർഗദീപം മോഹൻദാസ് കരം ചന്ദ് ഗാന്ധി എന്ന മഹാത്മാവാണ്. ബുധനാഴ്‌ച 150-ാം ജയന്തി കൊണ്ടാടുമ്പോഴും ബാപു എന്ന ഗാന്ധിജി ലോകമെമ്പാടുമുള്ള ദശലക്ഷങ്ങൾക്ക് ധൈര്യം പകർന്നുകൊണ്ടിരിക്കുന്നു. ഗാന്ധിജി വിഭാവനം ചെയ്‌ത ഇന്ത്യൻ ദേശീയത ഒരിക്കലും സങ്കുചിതമായിരുന്നില്ല. മനുഷ്യരാശിയെ സേവിക്കാനുള്ളതായിരുന്നു അത്. സമൂഹത്തിലെ ഏറ്റവും വലിയ വൈരുദ്ധ്യങ്ങളെ ബന്ധിപ്പിക്കുന്ന പാലമായിരുന്നു ഗാന്ധിജി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും വിശ്വാസത്തിന്റെ മൂർത്തരൂപമായിരുന്നു അദ്ദേഹം. ചർക്കയും ഖാദിയും പോലുള്ള സാധാരണ വസ്‌തുക്കളെ അദ്ദേഹം ബഹുജന രാഷ്‌ട്രീയത്തിന്റെ ഭാഗമാക്കി. ഒരു ചർക്കയും ഒരു നൂൽച്ചക്രവും ഖാദിയും സാമ്പത്തിക സ്വയംപര്യാപ്തതയുടെയും ഒരു രാജ്യത്തിന്റെ ശാക്തീകരണത്തിന്റെയും പ്രതീകമാക്കാൻ മറ്റാർക്കെങ്കിലും കഴിയുമോ?​ ഒരു നുള്ള് ഉപ്പിൽ നിന്ന് ഒരു മഹാപ്രക്ഷോഭം സ‌ൃഷ്‌ടിക്കാൻ മറ്റാർക്കെങ്കിലും കഴിയുമോ?​ 1930ലെ ദണ്ഡി മാർച്ചിലൂടെ അന്നത്തെ ഉപ്പ് നിയമങ്ങളെ ഗാന്ധിജി വെല്ലുവിളിച്ചു. അറബിക്കടലിന്റെ തീരത്ത് നിന്ന് അദ്ദേഹം വാരിയെടുത്ത ഒരു പിടി ഉപ്പിൽ നിന്നാണ് ചരിത്രം കുറിച്ച നിസഹകരണ പ്രക്ഷോഭം പിറവിയെടുത്തത്.

ഗാന്ധിജി ഒരിക്കലും ഒരു പദവിയും വഹിച്ചില്ല. അധികാരം അദ്ദേഹത്തെ പ്രലോഭിപ്പിച്ചില്ല. അദ്ദേഹത്തിന് സ്വാതന്ത്ര്യം എന്നാൽ വിദേശഭരണത്തിൽ നിന്നുള്ള മോചനം ആയിരുന്നില്ല. വ്യക്തി ശാക്തീകരണത്തിനുതകുന്ന രാഷ്‌ട്രീയ സ്വാതന്ത്ര്യമായിരുന്നു അത്. പാവങ്ങളുടെ സാമൂഹ്യ സാമ്പത്തിക ക്ഷേമം അദ്ദേഹം വിഭാവനം ചെയ്‌തു. എല്ലാ പ്രശ്നങ്ങൾക്കും ഗാന്ധിജിക്ക് പരിഹാരങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വപ‌്നങ്ങൾ സാക്ഷാത്കരിക്കാനാണ് എന്റെ ഗവൺമെന്റ് ശ്രമിക്കുന്നത്.

ഐൻസ്റ്റീൻ ചലഞ്ച്

ഗാന്ധിജിയോടുള്ള ആദരസൂചകമായി,​ അദ്ദേഹത്തിന്റെ ദർശനങ്ങൾ പ്രചരിപ്പിക്കാൻ ഐൻസ്റ്റീൻ ചലഞ്ച് എന്ന നിർദ്ദേശം ഞാൻ മുന്നോട്ട് വയ്‌ക്കുകയാണ്. ഐൻസ്റ്റീൻ ഗാന്ധിജിയെ പറ്റി പറഞ്ഞത് നമുക്കറിയാം -

“മജ്ജയും രക്തവും ഉള്ള ഇതുപോലൊരാൾ ഈ ഭൂമുഖത്ത് നടന്നു പോയെന്ന് വരും തലമുറകൾ വിശ്വസിച്ചെന്ന് വരില്ല...''