ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തിൽ ചിറകിൽ ഗാന്ധിയുടെ ചിത്രവുമായാണ് എയർ ഇന്ത്യ വിമാനം അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചത്. ഡൽഹി- മുംബയ് റൂട്ടിലെ എയർബസ് എ 320 വിമാനമാണ് ഗാന്ധിയുടെ പടം ചിറകിൽ വരച്ചുചേർത്തത്. 11 അടി ഉയരവും അഞ്ചടി വീതിയുമുണ്ട് ഈ ചിത്രത്തിന്. രാഷ്ട്രപിതാവിന്റെ സന്ദേശം ആളുകളെ ഓർമ്മിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വച്ചതെന്ന് എയർ ഇന്ത്യ സി.എം.ഡി അശ്വിനി ലോഹ്നി പറഞ്ഞു. എല്ലാ വിമാനങ്ങളിലും സമാനമായി ഗാന്ധിയുടെ ചിത്രം വരയ്ക്കാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വച്ചാണ് വിമാനത്തിൽ ഗാന്ധിയുടെ ചിത്രം വരച്ചത്. മെയിന്റനൻസ് ടീം ഇൻ ചാർജ് മഹേന്ദ്രകുമാർ, സഞ്ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്.