robbery-

ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ ജുവലറിയുടെ ചുമർ തുരന്ന് വൻ കവർച്ച. 50 കോടിയുടെ സ്വർണം ചൈത്രം ബസ് സ്റ്റാൻഡിന് സമീപമുള്ള ലളിത ജുവലറിയിൽ നിന്നാണു നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ ഒമ്പതിന് ജുവലറി തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം അറിയുന്നത്. മുഖംമൂടി ധരിച്ചെത്തിയ രണ്ട് മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സി.സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. മൃഗങ്ങളുടെ മുഖാകൃതിയിൽ നിർമ്മിച്ച മുഖംമൂടിയാണ് ഇവർ ധരിച്ചിരുന്നത്.

പുലർച്ചെ രണ്ടിനും മൂന്നിനും ഇടയിലാണ് കവർച്ച നടന്നതെന്നാണു നിഗമനം. ജുവലറിയുടെ പിൻവശത്തെ ഭിത്തി തുരന്നാണ് മോഷണം നടത്തിയിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു. തമിഴ്നാട് മദ്ധ്യമേഖല ഐ.ജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി സ്ക്രൂ ഡ്രൈവറുകളും ഭിത്തി തുരക്കാനുപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി മോഷ്ടാക്കൾ ജുവലറിയിൽ ഉടനീളം മുളക്‌പൊടി വിതറിയിട്ടുണ്ട്.

ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള കൊള്ള സംഘമാണോ മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. കഴിഞ്ഞ ജനുവരിയിലും സമാനമായ രീതിയിൽ തിരുച്ചിറപ്പള്ളിയിൽ വൻ കൊള്ള നടന്നിരുന്നു. അന്ന് തിരുച്ചിറപ്പള്ളി - ചെന്നൈ ദേശീയപാതയിൽ സ്ഥിതി ചെയ്യുന്ന പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലാണ് കവർച്ച നടന്നത്. അഞ്ച് ലോക്കറിൽ നിന്നായി സ്വർണാഭരണവും 19 ലക്ഷം രൂപയും കവർന്നിരുന്നു.