1. മഞ്ചേശ്വരം ഉപ തിരഞ്ഞെടുപ്പില്‍ വെബ്കാസ്റ്റിംഗ് ഉണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. 10 ശതമാനം ബൂത്തുകളിലാണ് വെബ് കാസ്റ്റിംഗ് നടത്തുക. സുതാര്യതയും വിശ്വസ്യതയും ഉറപ്പാക്കാനും, കള്ളവോട്ട് തടയാനും ശക്തമായ നടപടി സ്വീകരിക്കും. വോട്ടെടുപ്പിനെപ്പറ്റി ആരോപണം ഉന്നയിക്കുന്ന വ്യക്തിക്ക് ക്രമക്കേട് തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍, അയാള്‍ക്ക് എതിരെ കേസ് എടുക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
2. ലോക്സഭ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ആരോപണങ്ങളും മറ്റും ഉണ്ടായ പശ്ചാത്തലത്തില്‍ ആണ് തീരുമാനം. അതോടൊപ്പം തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയത് ജാഗ്രത പാലിക്കാന്‍ വേണ്ടി ആണെന്നും, അദ്ദേഹത്തിന് ഗുരുതര വീഴ്ച പറ്റിയിട്ടില്ലെന്നും ടിക്കാറാം മീണ വ്യക്തമാക്കി. ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവിലെ തിരഞ്ഞെടുപ്പു കാര്യങ്ങളില്‍ കളക്ടര്‍ ഗുരുതരമായ അലംഭാവം കാട്ടുന്നു. ,തുടര്‍ച്ചയായ വീഴ്ചകള്‍ക്കു കാരണം ബോധിപ്പിക്കണം എന്നാവശ്യപ്പെട്ട് ആണ് കെ.ഗോപാലകൃഷ്ണനു തിരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയത്.
3. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്നുള്ള ആരോപണങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ കള്ളവോട്ട് ചെയ്തു എന്ന ആരോപണത്തെ സാധൂകരിക്കുന്ന രീതിയിലുള്ള വീഡയോയും പുറത്തുവന്നിരുന്നു
4. സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ച നാല് വ്യാജ പട്ടയങ്ങള്‍ റദ്ദ് ചെയ്ത് ദേവികുളം സബ്കളക്ടര്‍ രേണു രാജ്. ദേവികുളം അഡീഷണല്‍ തഹസില്‍ദാര്‍ രവീന്ദ്രന്‍ നല്‍കിയ പട്ടയങ്ങളാണ് കോടതിയുടെ നിര്‍ദേശപ്രകാരം പരിശോധന പൂര്‍ത്തിയാക്കി സബ് കളക്ടര്‍ രേണുരാജ് റദ്ദാക്കി ഉത്തരവ് ഇറക്കിയത്. ഭൂമി ഏറ്റെടുക്കാന്‍ ദേവികുളം തഹസില്‍ദാര്‍ നിര്‍ദേശം നല്‍കി. സ്ഥലം മാറ്റത്തിന് മുമ്പ് കഴിഞ്ഞ മാസം 24ന് സബ്കളക്ടര്‍ ഇറക്കിയ ഉത്തരവാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഇക്കാനഗറിലെ സര്‍വ്വെ നമ്പര്‍ 912 ല്‍ ഉള്‍പ്പെട്ട പട്ടയങ്ങള്‍ ആണ് ആദ്യ ഘട്ടം എന്ന നിലയില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി 24 ന് റദ്ദ് ചെയതത്. 1955 മുതല്‍ സ്ഥിരം താമസക്കാര്‍ ആയിരുന്ന പി.എം മാത്യുവിനെയും കുടുംബത്തെയും സാമൂഹ്യവത്കരണത്തിന്റെ പേരില്‍ 1965 ല്‍ സര്‍ക്കാര്‍ ഇറക്കിവിട്ടിരുന്നു.
5. തുടര്‍ന്ന് ഭൂമി, തൈകള്‍ ഉത്പാദിപ്പിക്കുന്ന ജോലി നിര്‍മ്മിക്കുന്നതിനായി വനം വകുപ്പിന് കൈമാറി. എന്നാല്‍ ജോലിക്ക് എത്തിയ മരിയദാസ് എന്നയാള്‍ ഭൂമി കൈയ്യേറി അയാളുടെ പേരിലും ബന്ധുക്കളുടെ പേരിലും വ്യാജ പട്ടയങ്ങള്‍ നിര്‍മ്മിച്ചു. സംഭവത്തില്‍ നടപടികള്‍ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് പി.എം മാത്യുവിന്റെ ബന്ധുക്കള്‍ 2014 ല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2018 ല്‍ പുത്തന്‍ വീട്ടില്‍ ബിനുപാപ്പച്ചന്‍ നല്‍കിയ പരാതിയില്‍ പട്ടയങ്ങള്‍ പരിശോധിക്കാന്‍ ദേവികുളം സബ്കളക്ടറെ നിയോഗിച്ചിരുന്നു. 2019 ജൂണ്‍ മാസം മൂന്ന് ദിവസം നീണ്ടുനിന്ന പരിശോധനയില്‍ ബന്ധുക്കളായ അളകര്‍സ്വാമി, മുത്തു, സുജ, ചിന്നത്തായ് എന്നിവര്‍ സബ് കളക്ടര്‍ മുമ്പാകെ നേരിട്ട് ഹാജരായി. തങ്ങളുടെ പട്ടയത്തിനായി അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല എന്നാണ് അവര്‍ ബോധിപ്പിച്ചത് എന്ന് സബ് കളക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.
6. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 100 ശതമാനം സാക്ഷരതയുള്ള കേരളത്തിലെ ലഹരി ഉപയോഗത്തിന്റെ കണക്കുകള്‍ തന്നെ ഞെട്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പുതു തലമുറയെ ലഹരിയില്‍ നിന്ന് മോചിപ്പിക്കാന്‍ ഗാന്ധിയന്‍ പ്രവര്‍ത്തകര്‍ രംഗത്ത് ഇറങ്ങണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടു. കേരള ഗാന്ധി സ്മാരക നിധിയുടെ ഗാന്ധിജയന്തി ആഘോഷം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
7. റെയില്‍വേ സ്റ്റേഷനുകള്‍ ഇനി പ്ലാസ്റ്റിക്ക് മുക്തം. പുതിയ പദ്ധതിക്ക് പാലക്കാട് റെയില്‍വേ ഡിവിഷനില്‍ തുടക്കമായി. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച പ്ലാസ്റ്റിക് ക്രഷിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം ഡിവിഷണല്‍ മാനേജര്‍ പ്രതാപ് സിംഗ് ഷമി നിര്‍വ്വഹിച്ചു. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച ശുചിത്വ വാരാചരണത്തിന്റെ ഭാഗമായാണ് റെയില്‍വേ സ്റ്റേഷനുകള്‍ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നത്. കുടിവെള്ള കുപ്പികള്‍ ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ മെഷീനില്‍ നിക്ഷേപിച്ചാല്‍ മിനിറ്റുകള്‍ക്കകം പൊടിച്ചുകിട്ടും. പൊടിയാക്കിയ പ്ലാസ്റ്റിക് വസ്തുക്കള്‍ ബാഗുകള്‍ ഉള്‍പ്പെടെ ഉളളവയുടെ നിര്‍മ്മാണത്തിന് ആയി കൈമാറും
8. കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം ഈ മാസവും പ്രതിസന്ധിയിലായി. കഴിഞ്ഞ മാസം 192 കോടി രൂപ വരുമാനം കിട്ടിയെങ്കിലും ശമ്പളം കൊടുക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. അടിയന്തര സഹായം വേണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ച് ഇരിക്കുക ആണ് കെ.എസ.്ആര്‍.ടി.സി. ശമ്പള വിതരണത്തിന് ആയി സംസ്ഥാന സര്‍ക്കാര്‍ 20 കോടി രൂപ എല്ലാ മാസവും അനുവദിക്കാറുണ്ട്.
9. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേക്കുള്ള സ്‌റ്റെന്റ് വിതരണം നിറുത്തിയ കമ്പനികളുമായി ആരോഗ്യ വകുപ്പ് നാളെ ചര്‍ച്ച നടത്തും. കുടിശ്ശിക 43 കോടി രൂപ ആയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 19 മുതലാണ് കമ്പനികള്‍ വിതരണം നിറുത്തിയത്. കോഴിക്കോട് , ആലപ്പുഴ , തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ സ്റ്റെന്റ് നല്‍കുന്നതിന് ആണ് വിതരണക്കാരുടെ സംഘടന നിയന്ത്രണം ഏര്‍പ്പെടുത്തിയത്
10. ഇന്ത്യയെ പാകിസ്ഥാന്‍ ആക്രമിക്കുമെന്ന് നിരവധി രാജ്യങ്ങള്‍ക്ക് പേടിയുണ്ടന്ന് അമേരിക്ക. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി അടിസ്ഥാനമാക്കി തീവ്രവാദ സംഘടനകളെ മുന്‍നിറുത്തി ഇന്ത്യയുടെ സേനാകേന്ദ്രങ്ങള്‍ പാകിസ്ഥാന്‍ ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അമേരിക്ക. ഇന്ത്യന്‍ സേനാ കേന്ദ്രങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്ന തീവ്രവാദ സംഘങ്ങളെ പാകിസ്ഥാന്‍ നിയന്ത്രിക്കാന്‍ സാധ്യതയില്ലെന്നാണ് മുന്നറിയിപ്പ് ചുണ്ടികാണിക്കുന്നത്.