ലണ്ടൻ: ഇന്ത്യാ വിഭജനത്തിന് ശേഷം ഹൈദരാബാദ് നൈസാം ലണ്ടനിലെ ബാങ്കിൽ നിക്ഷേപിച്ച പത്ത് ലക്ഷത്തിലധികം പൗണ്ട് തങ്ങളുടേതാണെന്ന പാകിസ്ഥാന്റെ അവകാശ വാദം തള്ളിയ ബ്രിട്ടീഷ് ഹൈക്കോടതി ഇന്ത്യാ ഗവൺമെന്റിനും നൈസാമിന്റെ പിൻഗാമികൾക്കും അനുകൂലമായി വിധി പുറപ്പെടുവിച്ചു.
1948ലാണ് ഏഴാമത്തെ നൈസാമായ മിർ ഉസ്‌മാൻ അലിഖാൻ 10,07,940 പൗണ്ടും ഒൻപത് ഷില്ലിംഗും ലണ്ടനിലെ നാഷണൽ വെസ്റ്റ്മിൻസ്റ്റർ ബാങ്കിൽ നിക്ഷേപിച്ചത്. പാകിസ്ഥാന്റെ ബ്രിട്ടനിലെ ഹൈക്കമ്മിഷണർ ഹബീബ് ഇബ്രാഹിം റഹീം തൂലയെ പണം സുരക്ഷിതമായി സൂക്ഷിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. ഹബീബ് ഇബ്രാഹിം പണം ഉത്തമ വിശ്വാസത്തോടെ സൂക്ഷിക്കാമെന്ന് സമ്മതിക്കുകയും ചെയ്‌തരുന്നു. ഏഴ് പതിറ്റാണ്ട് കൊണ്ട് ആ തുക പലിശ സഹിതം ഇപ്പോൾ 35 ദശലക്ഷം പൗണ്ട് (ഏകദേശം 300 കോടി രൂപ ) ആയി വർദ്ധിച്ചു.
ഹൈദരാബാദിനെ സൈനിക ബലംപ്രയോഗിച്ച് ഇന്ത്യയോട് കൂട്ടിച്ചേർക്കുന്നതിനെതിരെ പൊരുതാൻ നൈസാമിന് ആയുധങ്ങൾ നൽകിയതിന്റെ പ്രതിഫലം എന്ന പേരിലാണ് ഈ പണത്തിൽ പാകിസ്ഥാൻ അവകാശവാദം ഉന്നയിച്ചത്.
അതിനെതിരെ നൈസാമിന്റെ പിന്മുറക്കാരനും എട്ടാമത്തെ നൈസാമുമായ മുഖറം ജാ രാജകുമാരനും ഇളയ സഹോദരൻ മുഫഖം ജാ രാജകുമാരനും ഇന്ത്യാ ഗവൺമെന്റിന്റെ പിന്തുണയോടെ ബ്രിട്ടീഷ് കോടതിയെ സമീപിക്കുകയായിരുന്നു. പാകിസ്ഥാന്റെ വാദങ്ങൾ തള്ളിയ കോടതി പണം ത്തിന്റെ അവകാശികൾ നൈസാമിന്റെ പിന്മുരക്കാർക്കാണെന്ന് വിധിക്കുകയായിരുന്നു.1948ൽ കുട്ടിയായിരുന്ന മുഖറം ജാ രാജകുമാരന് ഇപ്പോൾ എൺപത് വയസു കഴിഞ്ഞു.