ഹൈദരാബാദ്: ഹൈദരാബാദിൽ ഐ.എസ്.ആർ.ഒയിലെ മലയാളി ശാസ്ത്രജ്ഞൻ എസ്.സുരേഷിനെ ഫ്ളാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഐ.എസ്.ആർ.ഒ റിമോട്ട് സെൻസറിംഗ് സെന്ററിലെ ശാസ്ത്രജ്ഞനായിരുന്നു സുരേഷ്. ഹൈദരാബാദിലെ അമീർപേട്ടിലുളള അന്നപൂർണ അപ്പാർട്ട്മെന്റിലെ ഫ്ളാറ്റിലാണ് 56കാരനായ സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഹൈദരാബാദിലെ ഫ്ളാറ്റിൽ തനിച്ച് താമസിച്ച് വരികയായിരുന്ന സുരേഷ് കഴിഞ്ഞദിവസം ഒാഫീസിൽ എത്തിയിരുന്നില്ല. ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമില്ലായിരുന്നു. ഇതേതുടർന്ന് വിവരം ചെന്നൈയിൽ ബാങ്ക് ഉദ്യോഗസ്ഥയായ സുരേഷിന്റെ ഭാര്യ ഇന്ദിരയെ അറിയിച്ചു. അവർ ഉടൻ ഹൈദരാബാദിൽ എത്തി പൊലീസിൽ പരാതി നൽകി. പിന്നീട് ഫ്ളാറ്റിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഭാരമേറിയ വസ്തു ഉപയോഗിച്ച് തലയിൽ അടിയേറ്റതാണ് സുരേഷിന്റെ മരണകാരണമെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ദ്ധരും സംഭവ സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. അപ്പാർട്ട്മെന്റിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയെപ്പറ്റി സൂചനകൾ ലഭിച്ചതായാണ് പൊലീസ് പറയുന്നത്.
ഇരുപത് വർഷമായി ഹൈദരാബാദിൽ താമസിച്ച് വരികയായിരുന്നു സുരേഷ്.