കൊച്ചി: രാജ്യത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും കർഷകർ നൽകുന്ന സംഭാവനകൾക്ക് ആദരവുമായി ബാങ്ക് ഒഫ് ബറോഡയിൽ കർഷക ദ്വൈവാര ആഘോഷത്തിന് തുടക്കമായി. ആഗോള ഭക്ഷ്യദിനമായ ഒക്‌ടോബർ 16, കർഷക ദിനമായി ആചരിക്കാനും ബാങ്ക് തീരുമാനിച്ചു. ഗ്രാമീണ മേഖലയിലെ 4,000 ഉൾപ്പെടെ ബാങ്കിന്റെ 9,500 ശാഖകളിലായാണ് ആഘോഷം നടക്കുന്നത്.
കർഷകർക്ക് പ്രത്യേകമായി നൽകുന്ന 20ഓളം വായ്‌പാ പദ്ധതികൾ പരിചയപ്പെടുത്തുക, സാമ്പത്തിക വിദ്യാഭ്യാസം നൽകുക, യന്ത്രവത്കൃത കാർഷിക മാർഗങ്ങൾ പരിചയപ്പെടുത്തുക, സ്വയം സഹായ സംഘങ്ങൾ, വനിതാ കർഷക സംഘങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ആഘോഷത്തിന്റെ ലക്ഷ്യം. 2022ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന കേന്ദ്രസർക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്‌പാണ് ഈ ആഘോഷ പരിപാടിയെന്ന് ബാങ്ക് വ്യക്തമാക്കി. കർഷകർക്ക് സമീപത്തെ ബാങ്ക് ഒഫ് ബറോഡ ശാഖ സന്ദർശിച്ച്, അവകാശപ്പെട്ട സേവനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാമെന്നും ബാങ്കധികൃതർ പറഞ്ഞു.