വാഷിംഗ്ടൺ: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ പശ്ചാത്തലത്തിൽ പാക് ഭീകരർ ഇന്ത്യയിൽ ആക്രമണം നടത്തുമെന്ന് ആശങ്കയുണ്ടെന്ന് യു.എസ്. യു.എസ് പ്രതിരോധ വകുപ്പിന്റെ ഏഷ്യ പോളിസി വിഭാഗം തലവൻ റാൻഡൽ ഷ്റിവറാണ് ഭീകരാക്രമണസാദ്ധ്യതയെക്കുറിച്ച് ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയത്. കാശ്മീരിന്റെ പേരിൽ രക്തച്ചൊരിച്ചിലിനു ചൈന ആഗ്രഹിക്കുന്നില്ലെന്നാണു വിശ്വാസമെന്നും ഷ്റിവർ വ്യക്തമാക്കി.
ചൈന പല രാജ്യാന്തര വേദികളിലും പാകിസ്ഥാന് അനുകൂലമായി വിഷയത്തിൽ സംസാരിച്ചിട്ടുണ്ട്. ചൈനയുടെ പൂർണ പിന്തുണ അവകാശപ്പെട്ടു പാകിസ്ഥാൻ രംഗത്തെത്തിയെങ്കിലും ഐക്യരാഷ്ട്റ സംഘടനയുടെ സുരക്ഷാസമിതിയിൽ രാജ്യാന്തര പിന്തുണ നേടാൻ കഴിഞ്ഞില്ല. കാശ്മീരിൽ സംഘർഷം വിതയ്ക്കണമെന്നു ചൈനയ്ക്ക് ആഗ്രഹമില്ല. ഇത്തരം ആക്രമണങ്ങളെ ചൈന പിന്തുണയ്ക്കുന്നുമെന്നു വിശ്വസിക്കുന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനയുമായി ഇന്ത്യ ശത്രുത ആഗ്രഹിക്കുന്നില്ലെന്നും ഷ്റിവർ അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭാ സമ്മേളനത്തിൽ കാശ്മീർ പ്രശ്നം ചൈന പരാമർശിച്ചിരുന്നു, എന്നാൽ ജമ്മു കാശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും മറ്റുരാജ്യങ്ങൾ ഇന്ത്യയുടെ പരമാധികാരത്തെയും ആഭ്യന്തര അധികാരത്തെയും അംഗീകരിക്കുമെന്നാണു പ്രതീക്ഷയെന്നായിരുന്നു ഇന്ത്യയുടെ മറുപടി. കാശ്മീരിലെ ഇന്ത്യൻ നടപടി രാജ്യാന്തര ഉടമ്പടികൾക്കു വിരുദ്ധമാണെന്ന പാക്ക് നിലപാട് അംഗീകരിച്ചു രംഗത്തുവന്നതു ചൈന മാത്രമായിരുന്നു.
അതേസമയം ഭീകരാക്രമണ സാദ്ധ്യത കണക്കിലെടുത്ത് ഇന്ത്യയുടെ അതിർത്തിപ്രദേശങ്ങളിൽ സുരക്ഷ കർശനമാക്കി. അമൃത്‌സർ, പത്താൻകോട്ട്, ശ്റീനഗർ, അവന്തിപുർ, ഹിൻഡൻ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലാണു സുരക്ഷ ശക്തമാക്കിയത്. പത്തോളം പേരുള്ള ചാവേർ സംഘം ഈ സ്ഥലങ്ങൾ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചതായും റിപ്പോർട്ടുണ്ട്. ബാലാകോട്ടിൽ ഇന്ത്യ തകർത്ത ഭീകരക്യാംപ് വീണ്ടും സജീവമായിട്ടുണ്ടെന്നു കരസേനാ മേധാവി ബിപിൻ റാവത്ത് വ്യക്തമാക്കിയതിനു പിന്നാലെയാണു ചാവേറാക്രമണത്തിനു സാധ്യതയെന്ന രഹസ്യവിവരം ലഭിച്ചത്