കേന്ദ്രസർക്കാരിന് ലക്ഷ്യം ₹8,000 കോടി
ന്യൂഡൽഹി: മ്യൂച്വൽഫണ്ട് മാതൃകയിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളിൽ നിക്ഷേപം തേടി കേന്ദ്രസർക്കാർ അവതരിപ്പിച്ച ഭാരത് - 22 ഇ.ടി.എഫിന്റെ (എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്) നാലാംഘട്ടത്തിന് ഇന്ന് തുടക്കമാകും. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തം കുറയ്‌ക്കുകയും ലഭിക്കുന്ന നിക്ഷേപം ധനക്കമ്മി കുറയ്‌ക്കാൻ ഉപയോഗിക്കുകയാണ് ലക്ഷ്യം. നാലാംഘട്ടത്തിൽ 8,000 കോടി രൂപയുടെ നിക്ഷേപമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
ഇന്ന്, ആങ്കർ നിക്ഷേപകർക്കും നാളെ മുതൽ ധനകാര്യ സ്ഥാപനങ്ങൾക്കും റീട്ടെയിൽ നിക്ഷേപകർക്കും അപേക്ഷിക്കാം. ആദ്യ മൂന്നുഘട്ടത്തിലും മികച്ച പ്രതികരണമാണ് സർക്കാരിന് ലഭിച്ചത്. ഇതിനകം ആകെ 35,900 കോടി രൂപ സർക്കാരിന് ലഭിച്ചു. 2017 നവംബർ പുറത്തിറക്കിയ ആദ്യ ഭാരത് - 22 ഇ.ടി.എഫിലൂടെ സമാഹരിച്ചത് 14,500 കോടി രൂപയാണ്. 2018 ജൂണിൽ 8,400 കോടി രൂപയും ഈ വർഷം ഫെബ്രുവരിയിൽ 13,000 കോടി രൂപയും ലഭിച്ചു. നടപ്പുവർഷം പൊതുമേഖലാ ഓഹരി വില്‌പനയിലൂടെ സർക്കാർ മൊത്തം ലക്ഷ്യമിടുന്നത് 1.05 ലക്ഷം കോടി രൂപയാണ്.
ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യലാണ് നാലാംഘട്ട ഭാരത്-22 ഇ.ടി.എഫിന്റെ മാനേജർമാർ. ആറു മേഖലകളിൽ നിന്നായി 22 കമ്പനികളുടെ ഓഹരികളാണ് ഇ.ടി.എഫിലുള്ളത്. ഒ.എൻ.ജി.സി., ഇന്ത്യൻ ഓയിൽ, എസ്.ബി.ഐ., ഇന്ത്യൻ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, ആക്‌സിസ് ബാങ്ക്, ബി.പി.സി.എൽ., കോൾ ഇന്ത്യ, നാൽകോ, ഭാരത് എലക്‌ട്രോണിക്‌സ്, എൻജിനിയേഴ്‌സ് ഇന്ത്യ, എൻ.ബി.സി.സി., എൻ.ടി.പി.സി., ഗെയിൽ, ഐ.ടി.സി., എൽ ആൻഡ് ടി., എൻ.എച്ച്.പി.സി., എസ്.ജെ.വി.എൻ.എൽ., പി.ജി.സി.ഐ.എൽ., എൻ.എൽ.സി ഇന്ത്യ തുടങ്ങിയവയുടെ ഓഹരികളാണ് വിറ്റഴിക്കുന്നത്.
എസ്.ബി.ഐയെ പിന്നിലാക്കി
ബജാജ് ഫിനാൻസിന്റെ മൂല്യം
സ്വകാര്യ ധനകാര്യ സ്ഥാപനമായ ബജാജ് ഫിനാൻസിന്റെ മൂല്യം രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ മറികടന്ന് മുന്നേറി. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കണക്കുപ്രകാരം 2.31 ലക്ഷം കോടി രൂപയാണ് ബജാജ് ഫിനാൻസിന്റെ മൂല്യം (മാർക്കറ്ര് കാപ്പിറ്റലൈസേഷൻ). എസ്.ബി.ഐയുടെ മൂല്യം 2.28 ലക്ഷം കോടി രൂപയാണ്.
2016 മാർച്ചിൽ ബജാജ് ഫിനാൻസിന്റെ മൂല്യം 37,000 കോടി രൂപയും എസ്.ബി.ഐയുടേത് 1.5 ലക്ഷം കോടി രൂപയുമായിരുന്നു. രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിൽ പത്താംസ്ഥാനത്താണ് ഇപ്പോൾ ബജാജ് ഫിനാൻസ്.