അഹമ്മദാബാദ്: ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി പരിപാടി ലോകത്തിനു മുന്നിൽ ഇന്ത്യയുടെ കരുത്ത് തെളിയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരിപാടിയിലെ സാന്നിദ്ധ്യം വൻനേട്ടമായിരുന്നുവെന്നും മോദി വ്യക്തമാക്കി.
ലോകമെമ്പാടും ഇന്ത്യയുടെ നേട്ടങ്ങൾ ചർച്ചയാവുകയാണ്. ലോകമാകെ ബഹുമാനിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ആ മാറ്റങ്ങൾ രാജ്യത്തെ ഓരോ പൗരനും മനസിലാക്കാൻ സാധിക്കും.
ആഗോള മേഖലയിൽ ഗുണപരമായ ചില മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്ന് ലോകരാഷ്ട്രങ്ങൾ പോലും സമ്മതിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മഹാത്മജിയുടെ 150-ാം ജന്മദിനം ഐക്യരാഷ്ട്രസഭ പോലും വലിയ പ്രാധാന്യത്തോടെയാണ് കണ്ടത്. ലോകം നേരിടുന്ന ഏത് വെല്ലുവിളികൾക്കും ഗാന്ധി മാർഗത്തിൽ പരിഹാരങ്ങളുണ്ടെന്നും അത് അദ്ദേഹം പകർന്നു തന്ന ചില അറിവുകളിൽ നിന്ന് വ്യക്തമാണെന്നും മോദി പറഞ്ഞു.